കൊച്ചി: വാടക ഗര്‍ഭധാരണത്തിലൂടെ 50 വയസുള്ള തൃശൂര്‍ സ്വദേശിക്ക് അമ്മയാകാനുള്ള അനുമതി നല്‍കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അനുമതി നല്‍കിയത്.
വാടകഗര്‍ഭധാരണത്തിന് ആഗ്രഹിക്കുന്ന ദമ്പതികളില്‍ സ്ത്രീക്ക് 23നും 50നും ഇടയിലായിരിക്കണം പ്രായമെന്ന വ്യവസ്ഥയുണ്ട്. അതിനാല്‍ ഹരജിക്കാരിക്ക് സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹരജിക്കാരിക്കും പങ്കാളിക്കും വിവാഹം കഴിഞ്ഞ് ഏറെനാളായിട്ടും കുട്ടികള്‍ ഇല്ലായിരുന്നു. എന്‍ഡോമെട്രിയോസിസ് എന്ന രോഗം കാരണം യുവതിക്ക് ഗര്‍ഭധാരണം സാധിക്കില്ലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ വാടകഗര്‍ഭധാരണത്തെ ആശ്രയിച്ചത്. എന്നാല്‍ ഹരജിക്കാരിയുടെ സ്‌കൂള്‍ രേഖ പ്രകാരം അവര്‍ക്ക് 50 വയസ് കഴിഞ്ഞതിനാല്‍ സറോഗസി ബോര്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാല്‍ ഇവരുടെ ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പ്രകാരം ഇവര്‍ക്ക് 50 വയസാവാന്‍ മൂന്ന് വര്‍ഷത്തോളം സമയമുണ്ട്. സ്‌കൂള്‍ രേഖയില്‍ തെറ്റ് പറ്റിയതാണെന്ന് ഹരജിക്കാരി വ്യക്തമാക്കിയെങ്കിലും ബോര്‍ഡ് അപേക്ഷ സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സ്‌കൂള്‍ രേഖയിലെ തെറ്റ് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ഹരജി തള്ളി. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
എന്നാല്‍ ഡിവിഷന്‍ ബെഞ്ചും സ്‌കൂള്‍ രേഖ തന്നെയാണ് ആധികാരിക തെളിവായി പരിഗണിച്ചത്. എന്നാല്‍ യുവതിയുടെ സ്‌കൂള്‍ രേഖയിലെ ജനനതീയതി പ്രകാരം ഹരജിക്കാരിക്ക് 50ാം ജന്മദിനം കഴിഞ്ഞെങ്കിലും 51 ആയിട്ടില്ലെന്ന് കോടതി കണ്ടെത്തി.
51 വയസ് ആവുന്നതിന് ഇനിയും മാസങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഈ കാലയളവ് 50 വയസായാണ് കണക്കാക്കുക എന്ന് വിലയിരുത്തിയ കോടതി, ഹരജിക്കാരിയുടെ അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഒരാഴ്ച്ചക്കകം യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍
നല്‍കാന്‍ കേരള അസിസ്റ്റഡ് റീ പ്രൊഡക്ടിവ് ടെക്‌നോളജി ആന്‍ഡ് സറോഗസി ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു.
Content Highlight: High Court allows 50-year-old woman to become a mother through surrogacy