| Monday, 26th February 2018, 4:17 pm

'എന്താ രാജ്യത്തെ നിയമമൊന്നും നിങ്ങള്‍ക്ക് ബാധകമല്ലേ?' ജോര്‍ജ് ആലഞ്ചേരിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഏറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി. തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിനു മാത്രമേ അധികാരമുള്ളൂവെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാടാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്ന് കര്‍ദ്ദിനാളിനോട് ഹൈക്കോടതി ചോദിച്ചു. വില്‍ക്കാനായി കര്‍ദ്ദിനാളിനെ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. വിലകുറച്ചു ഭൂമി വില്‍ക്കാന്‍ കര്‍ദിനാളിന് പറ്റുമോയെന്നും കോടതി ആരാഞ്ഞു.

കേസില്‍ കര്‍ദ്ദിനാളിനെതിരെ ഹര്‍ജി നല്‍കിയ ചേര്‍ത്തല സ്വദേശിയായ ഹര്‍ജിക്കാരന്‍ ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കര്‍ദ്ദിനാളിനെതിരായ പരാതിയില്‍ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി പൊലീസിനോട് ആരാഞ്ഞു. പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് സാധാരണക്കാരാണെങ്കില്‍ കേസെടുക്കുകയും സമ്പന്നരും സ്വാധീനമുള്ളവരുമാകുമ്പോള്‍ കേസെടുക്കാന്‍ വിസമ്മതിക്കുകയുമാണ് പൊലീസ് ചെയ്യുന്നതെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു.

സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തനിക്കു തെറ്റുപറ്റിയാല്‍ പോപ്പിനു മാത്രമാണ് നടപടിയെടുക്കാന്‍ അധികാരമെന്നായിരുന്നു കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം. കാനോന്‍ നിയമം ഇതാണ് അനുശാസിക്കുന്നത്. കാനോന്‍ നിയമപ്രകാരമാണ് പള്ളി ഭരണം നടക്കുന്നതെന്നും കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ഹര്‍ജിക്കാര്‍ പോപ്പിന് ഇതുസംന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പോപ്പോ വത്തിക്കാനോ തനിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ആലഞ്ചേരി വാദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more