Kerala News
104 ഏക്കര്‍ ഭൂമി വഖഫാണെന്ന് കണ്ടെത്തിയതല്ലേ, പിന്നെന്തിന് ജുഡീഷ്യല്‍ കമ്മീഷന്‍? മുനമ്പം വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 06:41 am
Friday, 24th January 2025, 12:11 pm

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി. ജുഡീഷ്യന്‍ കമ്മീഷന്റെ അധികാരപരിധി സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. മുനമ്പം വഖഫ് സംരക്ഷണ സമിതി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.

കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ അസാധുവാക്കണമെന്നും നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടതാണ് സമിതി ഹരജി നല്‍കിയത്.

നേരത്തെ 104 ഏക്കര്‍ ഭൂമി വഖഫാണെന്ന് കണ്ടെത്തിയതാണ്. അതേ വിഷയത്തില്‍ വീണ്ടും കമ്മീഷനെ വെച്ച് തീരുമാനമെടുക്കാന്‍ എങ്ങനെ സാധിക്കുമെന്നും കോടതി സര്‍ക്കാരിനോട് ചോദ്യം ഉയര്‍ത്തി.

സാധാരണയായി ഒരു സിവില്‍ കോടതി പോലും ഇത്തരത്തില്‍ ഒരു തീരുമാനമെടുത്താല്‍ ഹൈക്കോടതി അതില്‍ ഇടപെടാറില്ലെന്നും പിന്നെ എങ്ങനെയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടുകയെന്നുമാണ് കോടതി ചോദിച്ചത്.

അതേസമയം ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഭൂമിയുടെ നിലവിലത്തെ സ്ഥിതി, സ്വഭാവം, വ്യാപ്തി എന്നീ ഘടകങ്ങളാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നത്.

കമ്മീഷനെ നിയോഗിച്ച ശേഷം ഭൂമിയില്‍ ഉടമസ്ഥാവകാശമുള്ള ഒരാളെയും കുടിയൊഴിപ്പിക്കില്ല, നിയമപരമായ അവകാശങ്ങളെല്ലാം സംരക്ഷിക്കും, വഖഫ് ബോര്‍ഡ് കൊടുത്തിട്ടുള്ള നോട്ടീസുകളില്‍ തീരുമാനമാകുന്നത് വരെ നടപടികളൊന്നും ഉണ്ടാവാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം വഖഫ് ബോര്‍ഡ് അംഗീകരിച്ചിട്ടുമുണ്ട്, നിയമപരമായുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനും പരിശോധന നടത്താനും മൂന്ന് മാസത്തിനകം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തും തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതിനുപുറമെ മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: High Court against State Govt on appointment of Munambam Judicial Commission