| Tuesday, 20th March 2018, 2:43 pm

ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിക്കൊരുങ്ങി ഹൈക്കോടതി; ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി. ഇത് സംബന്ധിച്ച് ഏപ്രില്‍ രണ്ടിന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിനോട് കോടതി നിര്‍ദേശിച്ചു.

രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ ഗുരുതര പരാമര്‍ശത്തിന്‍ മേലാണ് നടപടി. കേസില്‍ അഡ്വ.ജനറല്‍ കോടതിയെ സഹായിക്കണമെന്നും ഉത്തരവുണ്ട്.തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു.

ജുഡീഷ്യറിയുടെ സ്വാധീനം ദുരുപയോഗം ചെയ്യുന്നുവെന്നും ഹൈക്കോടതി ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവരടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പരാതി

ചീഫ് സെക്രട്ടറി മുഖേനെയാണ് പരാതി നല്‍കിയിരുന്നത്. പാറ്റൂര്‍, ബാര്‍കോഴ കേസുകള്‍ പുന:പരിശോധിക്കണമെന്നും വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുമയച്ചിരുന്നു.

സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഷനിലുള്ള ജേക്കബ് തോമസ് വകുപ്പ്തല അന്വേഷണവും നേരിടുകയാണ്. ഇതിനിടെയാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന് പരാതി നല്‍കിയത്.

കോടതിയില്‍ വിശദീകരണം നല്‍കാതെ സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിന് മുതിര്‍ന്നതിന ജേക്കബ് തോമസിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. “ജേക്കബ് തോമസ് പബ്ലിക് മാസ്റ്റര്‍ അല്ല. മറ്റെല്ലാ തസ്തികകളും പോലെ ഒരു പബ്ലിക് സെര്‍വന്റാണ്. അദ്ദേഹത്തിനു മുകളില്‍ ഉന്നതാധികാരകേന്ദ്രങ്ങള്‍ വേറെയുണ്ട്” എന്നും കോടതി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more