കൊച്ചി: ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഗ്യാലറികള്‍ക്കുവേണ്ടി കളിക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അക്രമങ്ങളിലെ പങ്കാളിത്തം ഉറപ്പായാലേ അറസ്റ്റു പാടുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. തെറ്റു ചെയ്യാത്തവരെ അറസ്റ്റു ചെയ്താല്‍ വലിയ വില നല്‍കേണ്ടിവരും. ഭക്തര്‍മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി.
2061 പേരെയാണ് ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റു ചെയ്തത്. 452 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായാണ് ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇന്നലെ 1410 പേരെ സംസ്ഥാന വ്യാപകമായി അറസ്റ്റു ചെയ്തിരുന്നു.
വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പ്രക്ഷോഭകരുടെ വിവരം പൊലീസ് ശേഖരിച്ചത്. അതിനുശേഷം ഇതു ജില്ലാ പൊലീസ് മേധാവികള്‍ക്കു കൈമാറിയിരുന്നു. എല്ലാ ജില്ലകളിലും ഇവരെ പിടികൂടാന്‍ പ്രത്യേക സംഘവും പൊലീസ് രൂപീകരിച്ചിട്ടുണ്ട്.