| Tuesday, 12th December 2023, 5:02 pm

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്ത നടപടിക്ക് സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. വിദ്യാര്‍ത്ഥികളുടെ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ടി.ആര്‍. രവിയുടെ ഉത്തരവ്. യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ അവഗണിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ചില വിദ്യാര്‍ത്ഥികളെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതെന്ന് ഹരജിയില്‍ പറയുന്നു.

സെനറ്റിലേക്ക് സര്‍വകലാശാല നിര്‍ദേശം ചെയ്ത പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേരള സര്‍വകലാശാല കലോത്സവത്തില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപെട്ട നന്ദ കിഷോറും ഓള്‍ ഇന്ത്യന്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വെങ്കല മെഡല്‍ നേടിയ വിദ്യാര്‍ത്ഥിയടക്കമാണ് ഈ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളത്.

എന്നാല്‍ ഇവര്‍ക്ക് പുറമെ ഗവര്‍ണര്‍ ഹ്യൂമാനിറ്റീസ്, സയന്‍സ് വിഷയങ്ങളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികളെ കൂടി നോമിനേറ്റ് ചെയ്യുകയുണ്ടായി. ഇത് കേരള സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ പ്രഥമ ദൃഷ്ടിയാല്‍ ശരിവെച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. അടുത്ത വാദം വരുന്ന ആഴ്ചകളിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിശദമായ വാദങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അന്തിമ ഉത്തരവ് വരുന്നതുവരെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത പട്ടിക താത്കാലികമായി സ്റ്റേ ചെയ്യുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

എ.ബി.വി.പി പ്രവര്‍ത്തകരാണെന്നുള്ള യോഗ്യത മാത്രമാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ കണ്ടെത്തിയ മേന്മയെന്ന് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഹൈക്കോടതിയുടെ ഉത്തരവ് തങ്ങള്‍ സ്വീകരിക്കുന്നുവെന്നും കോടതിയുടെ തീരുമാനം ഗവര്‍ണറുടെ മുഖത്തേറ്റ അടിയാണെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എം. ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: High Court against Governor for nominating students to Senate of Kerala University

We use cookies to give you the best possible experience. Learn more