| Thursday, 13th July 2017, 2:14 pm

തച്ചങ്കരി അധികാരത്തിലിരിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലേ; വിവേചനാധികാരമെന്ന് പറഞ്ഞ് ന്യായീകരിക്കാനാവില്ല; സര്‍ക്കാരിനെതിരെ വീണ്ടും കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എ.ഡി.ജി.പിയായി ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതിനെ ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതി.  തച്ചങ്കരിക്കെതിരായ അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹം അധികാരത്തില്‍ ഇരിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


Dont Miss തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും


തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ വേണ്ടെന്ന് വെച്ചത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നായിരുന്നു കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ടി. ബ്രാഞ്ചില്‍ നിന്ന് ഫയലുകള്‍ കാണാതായതായി വിവരമില്ലെന്നും പൊലീസ് ആസ്ഥാനത്ത് വെച്ച് സെന്‍കുമാര്‍ തച്ചങ്കരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ ഭരണ നിര്‍വഹണ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചത് ചോദ്യം ചെയ്ത് രാമങ്കരി സ്വദേശി ജോസ് തോമസാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നത്.

സെന്‍കുമാര്‍ ഡി.ജി.പിയാകുന്ന സാഹചര്യത്തില്‍, പൊലീസിനെ കൈപ്പിടിയില്‍ ഒതുക്കാനാണ് ആരോപണവിധേയനായ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതെന്നായിരുന്നു ഹരജിയില്‍ ആരോപിച്ചിരുന്നത്. ടോമിന്‍ ജെ തച്ചങ്കരിയെ നിയമിച്ചത് ഡിജിപി ടി.പി സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ ആണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ആരോപണ വിധേയനായ തച്ചങ്കരിയെ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോ എന്ന് കോടതി അന്ന് ചോദിക്കുകയും ചെയ്തിരുന്നു.

തച്ചങ്കരിക്കെതിരായ ഹരജിയില്‍ മൂന്ന് തവണ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അദ്ദേഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് വലിയ അഴിച്ചുപണിയായിരുന്നു പൊലീസ് ആസ്ഥാനത്ത് നടത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more