| Monday, 24th July 2017, 11:39 am

നടന്നത് ക്രൂരമായ കുറ്റകൃത്യം, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്: ദിലീപിനെതിരെ ഹൈക്കോടതി നടത്തിയത് രൂക്ഷപരാമര്‍ശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയത് രൂക്ഷമായ പരാമര്‍ശങ്ങള്‍. കേസ് അപൂര്‍വ്വവും ഗുരുതര സ്വഭാവമുള്ളതുമാണെന്നാണ്‌കോടതിയുടെ പ്രധാന നിരീക്ഷണം.

നടന്നത് ക്രൂരമായ കുറ്റകൃത്യമാണെന്നു പറഞ്ഞ കോടതി ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും വ്യക്തമാക്കി. ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് സംശയിക്കാന്‍ കേസ് ഡയറിയില്‍ തെളിവുകളുണ്ടത്. ആക്രമണത്തിനു പിന്നില്‍ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവനുപോലും ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാകില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.


Also Read: ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാതിരിക്കാനും മുസ്‌ലീങ്ങളെ കൊല്ലാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് രേഖകള്‍


നടനെന്ന നിലയില്‍ ഏറെ സ്വാധീനമുള്ള ദിലീപിന് ഉന്നതമായ ബന്ധങ്ങളാണുള്ളത്. അതിനാല്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നു.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും നിര്‍ണായക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി 11 പേജുള്ള ഉത്തരവില്‍ പറയുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൊബൈല്‍ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ഒളിവില്‍ കഴിയുന്ന മാനേജര്‍ അപ്പുണ്ണിയെ എത്രയും വേഗം കണ്ടെത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദിലീപിനെതിരായ പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായി അംഗീകരിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. ദിലീപിനെതിരായ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചശേഷം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ചശേഷമാണ് ജാമ്യഹര്‍ജി തളളിയത്.

We use cookies to give you the best possible experience. Learn more