കൊല്‍ക്കത്ത: ബംഗാള്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡിനും സംസ്ഥാന കമ്മിറ്റിക്കും രണ്ട് നിലപാട്. ഹൈക്കമാന്‍ഡ് മമതയെ പിന്തുണക്കുമ്പോഴും കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം മമതക്കെതിരെയുളള പ്രസംഗങ്ങള്‍ തുടരുകയാണ്.
ചിട്ടി തട്ടിപ്പ് കേസില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടുന്ന മമത ബാനര്‍ജിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തതിയിരുന്നു. അതേസമയം മമതയ്ക്കും തൃണമൂലിനുമെതിരെ ശക്തമായ സമരത്തിനാണ് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നത്.
ദേശീയ അധ്യക്ഷന്‍ മമതയ്ക്ക് പിന്തുണയുമായി എത്തുമ്പോഴും ബംഗാളിലെ കോണ്‍ഗ്രസ് തൃണമൂല്‍ സര്‍ക്കാരിനെതിരെ പടയൊരുക്കം തുടങ്ങുകയാണ്. മമതയോട് സംസാരിച്ചു, വിഷയത്തില്‍ അവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ എന്തിനാണ് പൊലീസ് കമ്മീഷണര്‍ സി.ബി.ഐ യുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് എന്ന് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്ര പത്രസമ്മേളനത്തില്‍ ചോദിച്ചു.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണം ഉടനടി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ആറിന് കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കും.
തട്ടിപ്പ് നടത്തിയവരെ ഉടനടി അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ദേശീയതലത്തില്‍ ബി.ജെ.പി.യെ എതിര്‍ക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ തൃണമൂലും ബി.ജെ.പി.യുമാണ് കോണ്‍ഗ്രസിന്റെ എതിരാളികളെന്ന് സോമന്‍ മിത്ര പറഞ്ഞതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുക്കുന്നതിന്റെ പേരിലും ഇരു ഘടകങ്ങള്‍ തമ്മില്‍ വിയോജിപ്പുകളുണ്ടായിരുന്നു.