കൊല്ലം സീറ്റ് ആര്‍.എസ്.പിയ്ക്ക് നല്‍കാന്‍ ഹൈക്കമാന്‍ഡ് അനുമതി: എതിര്‍പ്പുമായി ഐ.എന്‍.ടി.യുസി
Kerala
കൊല്ലം സീറ്റ് ആര്‍.എസ്.പിയ്ക്ക് നല്‍കാന്‍ ഹൈക്കമാന്‍ഡ് അനുമതി: എതിര്‍പ്പുമായി ഐ.എന്‍.ടി.യുസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th March 2014, 3:43 pm

[share]

[] ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആര്‍.എസ്.പിയ്ക്ക് നല്‍കുന്നതിന് കെ.പി.സി.സിയ്ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി.

ഇത് സംബന്ധിച്ച് ചര്‍ച്ചകളുമായി മുന്നോട്ട് പോകാമെന്നും കെ.പി.സി.സി നേതൃത്വത്തെ ഹൈക്കമാന്‍ഡ് അറിയിച്ചു.

ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചതോടെ ചര്‍ച്ചകള്‍ക്കായി യു.ഡി.എഫ് നേതാക്കള്‍ ആര്‍.എസ്.പിയെ ക്ഷണിച്ചു. വൈകിട്ട് ആറിന് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കള്‍ ആര്‍.എസ്.പി. നേതാക്കളുമായി ചര്‍ച്ച നടത്തും.

അതിനിടെ കൊല്ലം സീറ്റ് ആര്‍.എസ്.പിക്കു നല്‍കുന്നതിനെച്ചൊല്ലി എതിര്‍പ്പുയര്‍ന്നു. കൊല്ലം സീറ്റ് വിട്ടുനല്‍കുന്നതിനോടു യോജിക്കാനാവില്ലെന്ന് ഐ.എന്‍.ടിയു.സി അറിയിച്ചു.

ഇത് ചൂണ്ടിക്കാട്ടി ഐ.എന്‍.ടി.യു.സി ദേശീയ പ്രസിഡന്റ് കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചു.

സീറ്റ് മോഹിച്ചാണ് ആര്‍.എസ്.പി യു.ഡി.എഫിലേക്ക് വരാനൊരുങ്ങുന്നതെന്നും ഐ.എന്‍.ടി.യുസി ആരോപിച്ചു.

സീറ്റ് നല്‍കുന്നതിനോട് കൊല്ലം സിറ്റിങ് എം.പി പീതാംബരക്കുറുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചു. വേലിയില്‍ കിടക്കുന്ന പാമ്പിനെ തോളിലെടുത്ത് അണിയുന്നതിന് തുല്യമാണിതെന്ന് ഇതേക്കുറിച്ച് പീതാംബരക്കുറുപ്പ് പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നെന്നും പാര്‍ട്ടി തീരുമാനത്തെ എതിര്‍ക്കുകയോ തുരങ്കംവെയ്ക്കുകയോ ചെയ്യില്ലെന്നും പീതാംബരക്കുറിപ്പ് അറിയിച്ചു.

അതിനിടെ കെ.പി.സി.സി ആസ്ഥാനത്തെത്താന്‍ പീതാംബരക്കുറുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.