[] ന്യൂദല്‍ഹി: ബാര്‍ വിഷയത്തില്‍ സര്‍ക്കാരും കെ.പി.സി.സിയും ഭിന്നാഭിപ്രായം തുടരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. പ്രശ്‌നം കേരളത്തില്‍ തന്നെ ഒതുക്കണമെന്നും രമ്യമായി പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായുള്ള നിലപാടുകളൊന്നും കേരളത്തിലെ നേതാക്കള്‍ സ്വീകരിക്കരുതെന്ന് എ.ഐ.സി.സി വാക്താവ് ദീപക് ബാവരിയ നിര്‍ദ്ദേശിച്ചു.
പൊളിറ്റിക്കല്‍ സെക്രട്ടറി അഹമദ് പട്ടേല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായും ചര്‍ച്ച നടത്തി. ബാര്‍ വിഷയത്തില്‍ വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരസ്പര വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ടത്.
അതേസമയം, മദ്യനിരോധനത്തിന് ഉത്തരവാദിത്ത്വമുണ്ടെന്നും ചെറിയ നഷ്ടങ്ങളെക്കാള്‍ സമൂഹത്തിനുണ്ടാവുന്ന നേട്ടമാണ് പരിഗണിക്കേണ്ടതെന്നും വി.എം സുധീരന്‍ പറഞ്ഞു. മദ്യവിരുദ്ധനയം തന്റെ സ്വന്തം നിലപാടല്ലെ്‌നും യു.ഡി.എഫിന്റെ പൊതുനയമാണെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കി.
എന്നാല്‍ മദ്യനിരോധനം രാഷ്ട്രീയ വിവാദമാക്കരുതെന്നുംവി.എം സുധീരന്‍ പറഞ്ഞു. പ്രശ്‌നം യു.ഡി.എഫ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പരസ്യപ്രതികരണത്തിന് സുധീരന്‍ തയ്യാറായില്ല.
സുധീരന്റെ മദ്യനിരോധന നിലപാടിന് മുസ്ലീം ലീഗ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യത്തിന്റെ വിപത്തുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍ സുധീരന്റെ ഉറച്ച നിലപാടുകള്‍ പ്രധാന്യമുള്ളതാണെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.