ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കേണ്ടെന്ന് ഹൈക്കമാന്റ്
Kerala
ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കേണ്ടെന്ന് ഹൈക്കമാന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th April 2012, 11:22 am

ന്യൂദല്‍ഹി: മുസ് ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് ഹൈക്കമാന്റ് തീരുമാനം. വിഷയം മുസ് ലിം ലീഗിനെ ബോധ്യപ്പെടുത്താന്‍ ഹൈക്കമാന്റ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുസൂദനന്‍ മിസ്ത്രി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരടങ്ങിയതാണ് ഈ കമ്മിറ്റി. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാനാണ് ഇവരോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷത്തില്‍ അവസാനവട്ട ചര്‍ച്ചയ്ക്കായി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇന്നു ദുബായില്‍ നിന്നു ദല്‍ഹിയിലെത്തും. കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇന്നു ദല്‍ഹിയില്‍ ഹൈക്കമാന്റുമായി ആശയവിനിമയം നടത്തുന്നുണ്ട്. നാളെ വൈകിട്ട് ഇവിടെയെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ലീഗ് നേതാക്കളും ബുധനാഴ്ച രാവിലെ നടത്തുന്ന ചര്‍ച്ചയിലാകും അവസാന തീരുമാനം.

അതേസമയം സ്പീക്കര്‍ സ്ഥാനം ലീഗിനു നല്‍കി, സ്പീക്കര്‍ ജി. കാര്‍ത്തികേയനു കെ.പി.സി.സി പ്രസിഡന്റ് പദം നല്‍കുകയും രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുകയും ചെയ്യുക എന്ന ഫോര്‍മുലയെ ആധാരമാക്കിയാണ് കാര്യങ്ങള്‍ ഇപ്പോഴും ചുറ്റിത്തിരിയുന്നത്. മന്ത്രിസ്ഥാനത്തിനു പകരം സ്പീക്കര്‍ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം പരോക്ഷമായി സമ്മതം മൂളിയിട്ടുണ്ടെന്നാണറിവ്.

അതിനിടെ കെ.പി.സി.സി പ്രസിഡന്റ് പദം ഒഴിയാന്‍ താന്‍ തയ്യാറല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ ദുബായില്‍ പ്രഖ്യാപിച്ചത് മറ്റൊരു തന്ത്രത്തിന്റെ ഫലമാണെന്ന് കരുതപ്പെടുന്നു. മന്ത്രിസഭയിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തില്‍ പിടിമുറുക്കാനും തന്റെ ഇഷ്ടക്കാരനെ കെ.പി. സി.സി പ്രസിഡന്റ് പദവിയിലെത്തിക്കാനുമുള്ള തന്ത്രമാണത്രേ രമേശിന്റേത്.

എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തലസ്ഥാനത്തുണ്ടാകണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും അഭ്യൂഹമുണ്ട്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം രമേശ് ചെന്നിത്തല നാളെ കേരളത്തിലെത്തും.

കോണ്‍ഗ്രസിലെ രണ്ട് അധികാര കേന്ദ്രങ്ങളായാണ് രമേശും ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. എന്നാല്‍ മന്ത്രിയാകുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കു പിന്നിലാകും തന്റെ സ്ഥാനം എന്നത് രമേശിനെ അലോസരപ്പെടുത്തുന്നുണ്ട്. അതിനാല്‍ ആഭ്യന്തര വകുപ്പില്ലെങ്കില്‍ “നഷ്ടം” നികത്താന്‍ പര്യാപ്തമായ മറ്റെന്തെങ്കിലും സ്ഥാനം വേണമെന്ന് രമേശ് ആവശ്യപ്പെട്ടേക്കും.

ഇന്നലെ ഈസ്റ്റര്‍ ദിനമായതിനാല്‍ തലസ്ഥാനത്ത് കാര്യമായ രാഷ്ട്രീയ കരുനീക്കങ്ങളൊന്നുമുണ്ടായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിട്ടോടെ കോട്ടയത്തേക്കു പോയി. അവിടെ നിന്ന് വയനാട്ടിലേക്കു പോകുന്ന അദ്ദേഹം ചൊവ്വാഴ്ചയോടെ തലസ്ഥാനത്തെത്തും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇന്നലെ തലസ്ഥാനത്തുണ്ടായിരുന്നു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലെ ഒരു പരിപാടി കഴിഞ്ഞിറങ്ങിയ സ്പീക്കറെ മാദ്ധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും അദ്ദേഹം രാഷ്ട്രീയം പറയാനില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.