| Wednesday, 28th December 2016, 4:59 pm

ഗ്രൂപ്പ് പോര്; കോണ്‍ഗ്രസിലെ പരസ്യപ്രസ്താവനകള്‍ക്ക് ഹൈക്കമാന്‍ഡിന്റെ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്


വിമര്‍ശനങ്ങള്‍ പറയേണ്ട വേദിയിലാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കോണ്‍ഗ്രസിലുണ്ടായ സംഭവവികാസങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. 


ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന വിലക്കിയതായും ഇനി പരസ്യ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

വിമര്‍ശനങ്ങള്‍ പറയേണ്ട വേദിയിലാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കോണ്‍ഗ്രസിലുണ്ടായ സംഭവവികാസങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിമര്‍ശനങ്ങള്‍ ഉചിതമായ വേദിയില്‍ പറയണം. അത്തരം വേദികള്‍ കോണ്‍ഗ്രസില്‍ നിരവധിയുണ്ടെന്നും മുകുള്‍ വാസ്‌നിക് കൂട്ടിച്ചേര്‍ത്തു.

കെ. മുരളീധരന്‍ എം.എല്‍.എയും രാജ്‌മോഹന്‍ ഉണ്ണിത്താനും പരസ്പരം വാക്ക്‌പോരിലേര്‍പ്പെടുകയും ഉണ്ണിത്താനു നേരെ ആക്രമണം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍.

വ്യത്യസ്ത  അഭിപ്രായങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. പ്രശ്‌ന പരിഹാരത്തിന് അതിന്റേതായ സംവിധാനം പാര്‍ട്ടിയിലുണ്ട്. അല്ലാതെ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തന്നെയാണ് ബാധിക്കുകയെന്നും മുകുള്‍ വാസ്‌നിക്ക് ചൂണ്ടിക്കാട്ടി.


കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന് പറഞ്ഞ് കെ. മുരളീധരന്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതാണ് ചേരിതിരിഞ്ഞുള്ള കോണ്‍ഗ്രസിലെ പോരിന് തുടക്കം. ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവായ രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയതോടെ പ്രശ്‌നം രണ്ട് നേതാക്കള്‍ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വരെ എത്തി.

തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു. അതിനുശേഷം ഇന്ന് കൊല്ലം ഡി.സി.സി ഓഫീസിനു മുന്നില്‍ ഉണ്ണിത്താനു നേരെ കൈയേറ്റശ്രമവും ഉണ്ടായി.

We use cookies to give you the best possible experience. Learn more