| Tuesday, 23rd December 2014, 10:31 am

വടക്കേ ഇന്ത്യയില്‍ കനത്ത ശൈത്യം 14 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വടക്കെ ഇന്ത്യയില്‍ കനത്ത ശൈത്യം. കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന കനത്ത ശൈത്യത്തിലും മൂടല്‍മഞ്ഞിലും ജനങ്ങള്‍ വലയുകയാണ്. തണുപ്പിനെ തുടര്‍ന്നുണ്ടായ അപകടങ്ങളിലും മറ്റുമായി പതിനാലോളം പേര്‍ മരണപ്പെട്ടു. ദല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രിയും കൂടിയ താപനില 16 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ തണുപ്പാണിത്.

ദല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീര്‍,  തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ മുഴുവന്‍ ശൈത്യം സാരമായി ബാധിച്ചിട്ടുണ്ട്. കടുത്ത മൂടല്‍മഞ്ഞുമൂലം 70ഓളം ട്രെയിനുകളും 25 വിമാനങ്ങളും വൈകി. അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. 12 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. രാജധാനിയടക്കം നിരവധി ട്രെയിനുകള്‍ നാലു മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

ദല്‍ഹിയില്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടാനായി വീട്ടില്‍ കല്‍ക്കരി കത്തിച്ചുണ്ടായ പുകയില്‍ ശ്വാസം മുട്ടി മൂന്ന് പേര്‍ മരിച്ചു. മൂടല്‍മഞ്ഞില്‍ ബസ് ട്രാക്ടറില്‍ ഇടിച്ച് ഉത്തര്‍പ്രദേശില്‍ ബദായൂമിലുണ്ടായ അപകടത്തില്‍ മറ്റു രണ്ടുപേര്‍ മരിച്ചു. എട്ടുപേരാണ് ഉത്തര്‍ പ്രദേശില്‍ മരിച്ചത്. ബാരാബങ്കി ജില്ലയില്‍ മൂടല്‍മഞ്ഞിലൂടെ പാഞ്ഞെത്തിയ ബസ് ഇടിച്ച് 14കാരനും മരിച്ചു. ഉത്തരേന്ത്യയിലെ കടുത്ത തണുപ്പും മൂടല്‍മഞ്ഞും ഈ ആഴ്ച മുഴുവന്‍ തുടരുമെന്നാണ് കാലാവസ്ഥാവിഭാഗം അറിയിക്കുന്നത്.

We use cookies to give you the best possible experience. Learn more