| Tuesday, 21st August 2012, 2:20 pm

വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ക്കലയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാലാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്.

കഹാറിന് ഇനി മുതല്‍ നിയമസഭയില്‍ ഇരിക്കാമെങ്കിലും വോട്ടവകാശമുണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യവസ്ഥകളോടെ ഒരു മാസത്തേക്കാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.[]

അതിനിടെ വര്‍ക്കലയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി അപ്രതീക്ഷിതമാണെന്ന് കഹാര്‍ പ്രതികരിച്ചു. സുപ്രീംകോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഭയമില്ല. ജനങ്ങളെ പൂര്‍ണവിശ്വാസമാണെന്നും വിധി വന്ന ശേഷം വര്‍ക്കല കഹാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ എസ്. പ്രഹ്‌ളാദന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പ്രഹ്‌ളാദന്‍ നല്‍കിയ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഹ്‌ളാദന്‍ കോടതിയെ സമീപിച്ചത്.

ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം ഇതുമൂലം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ട് ജസ്റ്റിസ് സതീഷ് ചന്ദ്രയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

കോണ്‍ഗ്രസ് (ഐ)സ്ഥാനാര്‍ത്ഥിയായ വര്‍ക്കല കഹാര്‍ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വര്‍ക്കലയില്‍നിന്ന് ജയിച്ചത്. സി.പി.ഐ.എമ്മിലെ എ.എ റഹിമിനെയാണ് പരാജയപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more