| Saturday, 30th June 2018, 12:34 pm

സി.പി.ഐ.എമ്മിന്റെ നിലപാടിന് പിന്നില്‍ സിനിമയിലെ ഉന്നതരുടെ ഇടപെടലൊ ? വിമര്‍ശനം ശക്തമാകുന്നു

അലി ഹൈദര്‍

എ.എം.എം.എയിലെ ഇടുതു എം.എല്‍.എമാരെ പ്രതിരോധിച്ചു കൊണ്ടുള്ള സി.പി.ഐ.എമ്മിന്റെ നിലപാടിന് പിന്നില്‍ സിനിമയിലെ ഉന്നതരുടെ ഇടപെടലെന്ന വിമര്‍ശനം ശക്തമാകുന്നു. താരസംഘടനയെ പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു എന്ന് നേതൃത്വത്തെ തെറ്റദ്ധരിപ്പിച്ചാണ് സി.പി.ഐ.എമ്മിനെ കൊണ്ട് ഇങ്ങനെയൊരു നിലപാടെടുപ്പിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം.

ഇടതു നേതാക്കളായ എം.എ ബേബിയും തോമസ് ഐസക്കും മന്ത്രി ജി.സുധാകരനും കെ.കെ ഷൈലജയും ബൃന്ദാകാരട്ട് തുടങ്ങി ഡി.വൈ.എഫ്.ഐ അടക്കമുള്ളവര്‍ ബലാല്‍സംഗം കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുന്ന എ.എം.എം.എയുടെ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചിറങ്ങിപ്പോയ നടിമാര്‍ക്ക്  പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എ.എം.എം.എയെ തകര്‍ക്കാനുള്ള “തല്പര കക്ഷികളുടെ ശ്രമം” എന്നായിരുന്നു സി.പി.ഐ.എം പത്രക്കുറിപ്പിലൂടെ പറഞ്ഞത്.

Image result for MUKESH GANESH INNOCENT

ഇടതുനേതാക്കളായ നിരവധി പേര്‍ വിഷയത്തില്‍ താരസംഘടനയെ വിമര്‍ശിച്ചും ഇറങ്ങിപ്പോയ നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോഴും വലിയ രീതിയില്‍ ചര്‍ച്ചയായപ്പോഴും ഒരു വാക്ക് പോലും പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തയാറായിരന്നില്ല.

അമ്മയെ തകര്‍ക്കാനുള്ള “തല്പര കക്ഷികളുടെ ശ്രമം” എന്ന ആ സിദ്ധാന്തം പടച്ചുണ്ടാക്കിയത് എ.കെ.ജി സെന്ററിലല്ല . മലയാളത്തില്‍ ഉത്തരാധുനികത കണ്ടു പിടിച്ച ഒരു മഹാന്റെ നേതൃത്വത്തിലുള്ള ഒരു കോക്കസ്സാണ് ഇതിന് പിറകില്‍ എന്നാണ് മാധ്യമ പ്രവര്‍ത്ത ഷാഹിന നഫീസ പറയുന്നത്.

“സൂപ്പര്‍ താരങ്ങളൊക്കെ മലയാളം പോലും വായിക്കാന്‍ അറിയാത്തവരും അരബുദ്ധികളുമായതിനാല്‍ ഇദ്ദേഹം വലിയ കക്ഷിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.  ദിലീപിനെ തിരിച്ചെടുക്കാനൊക്കെ ചരട് വലിച്ചത് ഈ പുള്ളിയാണ് എന്നൊരു കരക്കമ്പി നേരത്തെ കേട്ടിരുന്നു . ഇപ്പോള്‍ നടക്കുന്നത് എ.എം.എം.എ” പിടിച്ചടക്കാനുള്ള സംഘ് പരിവാര്‍ ശ്രമമാണെന്നും പൃഥ്വിരാജ് അവരുടെ ഏജന്റാണെ”ന്നും സി.പി.ഐ.എം നേതൃത്വത്തെ തെറ്റിദ്ധ രിപ്പിക്കാന്‍ ഈ സംഘം പണിയെടുക്കുന്നുണ്ട് എന്ന് രണ്ട് മൂന്ന് ദിവസമായി കേട്ടിരുന്നു. പക്ഷേ അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ മാത്രം ബുദ്ധിശൂന്യത സി.പിഐ.എം നേതൃത്വത്തിനുണ്ട് എന്ന് ഞാന്‍ വിശ്വസിച്ചില്ല. എന്നാല്‍ കേട്ടതൊക്കെ ശരിയാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു. ഈ സി.പി.ഐ.എം നേതൃത്വം എന്നൊക്കെ പറയുമ്പോള്‍ ആരും തെറ്റിദ്ധരിക്കരുത്. അത് സംസ്ഥാന കമ്മിറ്റിയോ സെക്രട്ടേറിയറ്റോ ഒന്നുമല്ല. രാജി വെച്ച് പുറത്തിറങ്ങിയ പോരാളികളായ ആ സ്ത്രീകളെ പിന്തുണച്ച് സംസാരിച്ചവരാരും അതില്‍ ഉള്‍പ്പെടില്ല. അത് പിണറായി വിജയനും അദ്ദേഹത്തിന്റെ ഉപദേശികളായ കുറച്ച് സില്‍ബന്ധികളുമാണ്. ഷാഹിന ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.


Read Also : അഭിമുഖം: അമ്മയില്‍ നടക്കുന്നത് മാഫിയാ പ്രവര്‍ത്തനം, നിശ്ശബ്ദമായിരിക്കാന്‍ കഴിയില്ല; ആഷിഖ് അബു സംസാരിക്കുന്നു


നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന ഇല്ല എന്ന് പിണറായി വിജയന്‍ പരസ്യ പ്രസ്താവന നടത്തിയത് ഇങ്ങനെയുള്ള ചിലരുടെ തെറ്റിദ്ധരിപ്പിക്കലിന് നിന്ന് കൊടുത്തിട്ടാണെന്നും ഈ ഉപജാപക വൃന്ദമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

എ.എം.എം.എയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണെന്നായിരുന്നു സി.പി.ഐ.എം സെക്രട്ടറിയേറ്റിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞത്. സംഘടനയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണെന്നും അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല ആ സംഘടനയോട് പ്രതികരിക്കേണ്ടതെന്നും പറയുന്ന പത്രക്കുറിപ്പില്‍ ഒരിടത്തും രാജിവെച്ചവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുമില്ല.

പകരം കേരളത്തിലെ ജനങ്ങള്‍ താത്പര്യപൂര്‍വ്വം അംഗീകരിക്കുന്ന “സിനിമ” എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും “എ.എം.എം.എ” എന്ന സംഘടന പരിശ്രമിക്കുമെന്ന് കരുതുന്നു എന്നുമാണ് പറയുന്നത്.

സി.പി.ഐ.എമ്മിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അനുഭാവികളും നിരവധി മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. എട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ സി.പി.ഐ.എമ്മിന്റെ നിലപാടിനെ വിമര്‍ശിക്കുന്നത്.

ആരാണ് അമ്മയെ ഭിന്നിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന തത്പരകക്ഷികള്‍,
പ്രതിഷേധം സ്ത്രീസുരക്ഷയ്ക്കുവേണ്ടിയല്ലെന്ന് കണ്ടെത്തിയതിന് തെളിവെന്ത്.?
ആദ്യം പ്രതിഷേധിച്ചത് ലൈംഗികാക്രമണത്തിനിരയായ നടിയാണ്,അവരേയും അവര്‍ക്കൊപ്പം രാജിവച്ചവരേയും അവര്‍ക്കുപിന്തുണയര്‍പ്പിച്ച് പ്രതിഷേധിച്ചവരേയും ഗൂഢാലോചനക്കാരെന്നാക്ഷേപിച്ചതിന്റെ അടിസ്ഥാനമെന്ത്.
രാജിവച്ച നടിമാരോടും താരസംഘടനയുടെ ജനറല്‍ ബോഡി വിളിയ്ക്കണമെന്നാവശ്യപ്പെട്ട നടിമാരോടും നിങ്ങളുടെ നിലപാടും സമീപനവുമെന്താണ്..?
അവരടക്കം എല്ലാവരേയും അമ്മയ്‌ക്കെതിരായ ഗൂഢാലോചനയില്‍ പെടുത്തിയതാണെങ്കില്‍ അതിനുപിന്നില്‍ ആരാണ്..?
എം.എ ബേബി,ബൃന്ദ കാരാട്ട്,ജി സുധാകരന്‍, കെ.കെ ഷൈലജ,തോമസ് ഐസക്, എം.സി ജോസഫൈന്‍ തുടങ്ങിയ നേതാക്കള്‍ അമ്മയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നവരുടെ കെണിയില്‍ പെട്ടതാണോ..? അങ്ങനെയെങ്കില്‍ അവരെ തിരുത്തുമോ..?
ഇരയ്‌ക്കൊപ്പം എന്നാവര്‍ത്തിയ്ക്കുകയും ആക്രമിയ്ക്കപ്പെട്ടവളെ അവഹേളിയ്ക്കുകയും ചെയ്യുന്ന സമീപനമാണ് താരസംഘടന സ്വീകരിച്ചത്, ഇരയ്‌ക്കൊപ്പമെന്നുപ്രഖ്യാപിച്ച് ഇരയ്‌ക്കൊപ്പം നില്‍ക്കുന്നവരെ ഗൂഢാലോചനക്കാരാക്കുന്ന പ്രസ്താവന പറഞ്ഞുവയ്ക്കുന്നത് താരസംഘടനയുടെ നിലപാടുതന്നെയല്ലേ..?
എ.എം.എം.എ എന്ന സ്ത്രീവിരുദ്ധസംവിധാനം തകരുന്നതിലും തളരുന്നതിലും സി.പി.ഐ.എം ആകുലപ്പെടേണ്ട കാര്യമെന്താണ്…? ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഹര്‍ഷന്‍ ചോദിക്കുന്നു.

ആ പവ്വര്‍ ഹൗസ് തകരുന്നതില്‍ ജനാധിപത്യവാദികള്‍ സന്തോഷിക്കുകയാണ് വേണ്ടത് എന്നായിരുന്നു ഇടതു അനുഭാവിയ മെഹ്മൂദ് മൂടാടി ഫേസ്ബുക്കില്‍ കുറിച്ചത്. സി.പി.ഐ.എം പത്രക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഇടതു അനുകൂലികളായ നിരവധിപേരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more