പത്ത് ദിവസമായി 24 മണിക്കൂറും ഇക്കിള്‍; ബ്രസീല്‍ പ്രസിഡന്റിന് ശസ്ത്രക്രിയ പരിഗണനയില്‍
World News
പത്ത് ദിവസമായി 24 മണിക്കൂറും ഇക്കിള്‍; ബ്രസീല്‍ പ്രസിഡന്റിന് ശസ്ത്രക്രിയ പരിഗണനയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th July 2021, 9:48 am

റിയോ ഡി ജനീറോ: പത്ത് ദിവത്തിലേറെയായി 24 മണിക്കൂറും ഇക്കിള്‍ കൊണ്ട് കഷ്ടപ്പെടുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാവോ പോളോയിലെ ആശുപത്രിയിലേക്കാണ് ബോള്‍സൊനാരോയെ മാറ്റിയത്.

കുടലിലെ തടസ്സമാണ് ഇക്കിളിന് കാരണമെന്നാണ് ചികിത്സയില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയ പരിഗണനയിലിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയറ്റില്‍ ഗുരുതരമായി കുത്തേറ്റതിന് ശേഷം ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുള്ള ബോള്‍സൊനാരോയ്ക്ക് അനുബന്ധ പ്രശ്‌നങ്ങള്‍ വിട്ടുമാറിയിട്ടില്ല.

അന്ന് കുടലില്‍ ശസ്ത്രക്രിയ നടത്തിയ സര്‍ജന്‍ തന്നെയാണ് പ്രസിഡന്റിനെ സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.

ദൈവാനുഗ്രഹത്താല്‍ താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് ബോള്‍സൊനാരോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജനങ്ങളെ അറിയിച്ചു.

പ്രസിഡന്റ് ബുധനാഴ്ച പുലര്‍ച്ചെയാണ് ബ്രസീലിയയിലെ സൈനിക ആശുപത്രിയില്‍ എത്തിയത്. 24 മുതല്‍ 48 മണിക്കൂര്‍ വരെ ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ബോള്‍സനാരോയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ ഗുരുതരമായ ശസ്ത്രക്രിയ ആയിരിക്കില്ലെന്നും അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hiccups for brazil President jair bolsonaro