കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാന്‍ പഴയ എസ്.എഫ്.ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാവില്ല; സൗമിനി ജയിനിനെതിരെയുള്ള വിവാദ പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍
Kerala News
കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാന്‍ പഴയ എസ്.എഫ്.ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാവില്ല; സൗമിനി ജയിനിനെതിരെയുള്ള വിവാദ പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 5:00 pm

എറണാകുളം: കൊച്ചി കോര്‍പറേഷന്‍ മേയര്‍ക്കെതിരെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍. പേരെടുത്തു പറയാതെയായിരുന്നു മേയര്‍ക്കെതിരെയുള്ള ഹൈബി ഈഡന്റെ പരാമര്‍ശം. പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്തകളിലും ചര്‍ച്ചയായതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.

ഇത് കോണ്‍ഗ്രസാണെന്നും പഴയ എസ്.എഫ്.ഐക്കാരിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാന്‍ ഒന്‍പതു വര്‍ഷം മതിയാകില്ലെന്നും ഫാസിസം എസ.എഫ്.ഐയിലേ നടക്കൂ എന്നുമായിരുന്നു ഹൈബി ഈഡന്റെ പോസ്റ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ മാറ്റാനായി കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പുകളില്‍ നിന്നും ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു.

മേയര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളുമായി ഇതിനുമുമ്പും ഹൈബി ഈഡന്‍ രംഗത്തു വന്നിരുന്നു. എറണാകുളം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരുന്നു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങളും റോഡിന്റെ ശോചനീയാവസ്ഥയും തുടങ്ങി കോര്‍പ്പറേഷന്റെ ഭരണ പരാജയമാണിതിന് കാരണമെന്നും സൗമിനി ജെയിന്‍ രാജിവെച്ചൊഴിയണമെന്നും ഹൈബി ഈഡന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഹൈബി ഈഡനെ പരിഹസിച്ച് സൗമിനി ജയിനും രംഗത്തെത്തിയിരുന്നു. മേയര്‍ സ്ഥാനം രാജിവെച്ചാല്‍ ലൈഗികാക്രമത്തിന് ഇരയായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു സൗമിനി ജയിനിന്റെ മറുപടി. ഹൈബി ഈഡന്റെ ഭാര്യയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു മേയറുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതില്‍ കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ മാറ്റില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ മേയറെ മാത്രം പഴിചാരി രക്ഷപ്പെടേണ്ടതില്ല എന്നും മേയറെ മാത്രമായി ബലിമൃഗമാക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

എന്നാല്‍ മേയര്‍ക്കെതിരെയുള്ള നീക്കം ശക്തമായതിനു പിന്നാലെ സൗമിനി ജെയിന്‍ രാജിവെച്ചൊഴിയണോ എന്ന തീരുമാനം ഇന്ന് അറിയാം. പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മേയറും വ്യക്തമാക്കിയിരുന്നു.