| Monday, 22nd March 2021, 8:50 am

'രാജീവ് ഭീഷണിപ്പെടുത്തുന്നത് കണ്ടതാണ്'; ഇബ്രാഹിം കുഞ്ഞിന്റെ വോട്ടുമറിക്കല്‍ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ച് നല്‍കാത്തതിലുള്ള പി.രാജീവിന്റെ പ്രതികാരമാണ് പാലാരിവട്ടം അഴിമതി കേസെന്നെ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡന്‍ എം.പി. ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ഇബ്രാഹിം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നത് താന്‍ നേരിട്ട് കണ്ടതാണെന്ന് ഹൈബി ഈഡന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ റീപോളിംഗ് നടന്ന കടുങ്ങല്ലൂരില്‍ വെച്ച് രാജീവ് ഇബ്രാഹിം കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നത് താന്‍ കണ്ടതാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നു എന്നായിരുന്നു ഹൈബി ഈഡന്‍ പറഞ്ഞത്.

എന്നാല്‍ വോട്ട് മറിക്കല്‍ ആരോപണം തള്ളി പി. രാജീവ് രംഗത്തെത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവുമാണെന്നും പരാജയഭീതി മൂലം ഇബ്രാഹിംകുഞ്ഞിന്റെ നില തെറ്റിയിരിക്കുകയാണെന്നായിരുന്നു പി.രാജീവ് പറഞ്ഞത്.

ജാമ്യത്തിന് വേണ്ടി പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ലെന്നും പി.രാജീവ് പരിഹസിച്ചു.

നേരത്തെ പാലാരിവട്ടം കേസില്‍ കുടുക്കിയതിന് പിന്നില്‍ ഒരു വിഭാഗം സി.പി.ഐ.എമ്മുകാരാണെന്നും 2019ല്‍ യു.ഡി.എഫ് വോട്ട് മറിച്ചുകൊടുക്കാന്‍ പി. രാജീവ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞ് ആരോപിച്ചത്. കളമശ്ശേരി മണ്ഡലം ലക്ഷ്യമിട്ടാണ് കേസെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.

നേരത്തേ പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി പറഞ്ഞിരുന്നു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചതെന്നും എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നു കോടതി പറഞ്ഞിരുന്നു. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹരജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hibi Eden supports Ibrahim Kunj

We use cookies to give you the best possible experience. Learn more