എറണാകുളം കാണാനുള്ള അവസരമായിരുന്നു സി.പി.ഐ.എമ്മിന് തൃക്കാക്കര തെരഞ്ഞെടുപ്പ്, ഫലം വരുമ്പോള്‍ സമയം പാഴാക്കി എന്ന് പശ്ചാത്തപിക്കും: ഹൈബി ഈഡന്‍
Kerala News
എറണാകുളം കാണാനുള്ള അവസരമായിരുന്നു സി.പി.ഐ.എമ്മിന് തൃക്കാക്കര തെരഞ്ഞെടുപ്പ്, ഫലം വരുമ്പോള്‍ സമയം പാഴാക്കി എന്ന് പശ്ചാത്തപിക്കും: ഹൈബി ഈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2022, 10:08 am

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ മന്ത്രിമാര്‍ സമയം പാഴാക്കി എന്ന് പശ്ചാത്തപിക്കുമെന്ന് ഹൈബി ഈഡന്‍ എം.പി.

തെരഞ്ഞെടുപ്പ് ചരിത്രത്തിലെ യു.ഡി.എഫിന്റെ ഏറ്റവും വലിയ വിജയമാകും തൃക്കാക്കരയിലേതെന്നും സര്‍ക്കാരിന്റെ ദാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമുള്ള മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

മാമംഗലം എസ്.എന്‍.ഡി.പി ഹാളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനെത്തിയതായിരുന്നു ഹൈബി.

‘കഴിഞ്ഞ ഒരുമാസക്കാലം സി.പി.ഐ.എം വളരെ സന്തുഷ്ടരായിരുന്നു. എറണാകുളം നഗരവും പരിസരപ്രദേശങ്ങളും കാണാനുള്ള അവസരമായിരുന്നു അവര്‍ക്ക് തൃക്കാക്കര തെരഞ്ഞെടുപ്പ്. മൂന്നാം തിയതി വോട്ടെണ്ണി കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ട സമയം പാഴാക്കി എന്ന് പശ്ചാത്തപിക്കും,’ ഹൈബി ഈഡന്‍ പറഞ്ഞു.

അതേസമയം രാവിലെ കൃത്യം ഏഴ് മണിയ്ക്ക് തന്നെ തൃക്കാക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ആറ് മണിമുതല്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

239 ബൂത്തുകളിലാണ് പോളിങ് നടക്കുന്നത്. 1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധി നിര്‍ണയിക്കുക. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്.

മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ, പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം. കള്ളവോട്ട് തടയാന്‍ ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

മണ്ഡലമിളക്കിമറിച്ചുള്ള പ്രചാരണം വഴി പോളിങ് 75 ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. മഴ വില്ലനായാല്‍ പോലും വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ ഒരുക്കിയുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്.

എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും.

ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താന്‍ എല്‍.ഡി.എഫും.

ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എന്‍.ഡി.എയും നിലകൊള്ളുകയാണ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

Content Highlights: hibi eden says about When the Thrikkakara by-election results come out, the ministers will regret wasting time