| Thursday, 30th September 2021, 4:19 pm

ഇത്തരത്തിലുള്ള മികച്ച തീരുമാനങ്ങള്‍ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടും; മുഹമ്മദ് റിയാസിനേയും ആന്റണി രാജുവിനേയും പ്രശംസിച്ച് ഹൈബി ഈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പ്രശംസിച്ച് ഹൈബി ഈഡന്‍ എം.പി. സംസ്ഥാന സര്‍ക്കാരിന്റെ കാരവന്‍ ടൂറിസം പദ്ധതിക്ക് പിന്തുണയുമായിട്ടായിരുന്നു ഹൈബി ഈഡന്‍ രംഗത്തെത്തിയത്.

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കടമക്കുടി അടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് വലിയ പിന്തുണയാണ് മുഹമ്മദ് റിയാസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നും ഇത്തരത്തിലുള്ള മികച്ച തീരുമാനങ്ങള്‍ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

നാടിന്റെ വികസനത്തിന് വേണ്ടിയുള്ള മികച്ച പദ്ധതികള്‍ക്ക് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നല്‍കും. മന്ത്രിമാരായ മുഹമ്മദ് റിയാസിനും ആന്റണി രാജുവിനും അഭിനന്ദനങ്ങളെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഹൈബി ഈഡന്റെ വാക്കുകള്‍..

കേരളത്തിന്റെ ടൂറിസത്തിന് പുതിയ മുഖം നല്‍കുന്ന പദ്ധതിയാണ് കാരവാന്‍ ടൂറിസം.ഇത് വലിയ പ്രതീക്ഷ കൂടിയാണ്. കൊവിഡില്‍ തകര്‍ന്നടിഞ്ഞ ടൂറിസത്തിന് ഉണര്‍വേകാന്‍ ഇത്തരം നൂതന ആശ്യങ്ങള്‍ക്ക് സാധിക്കും.

കേരളത്തിലെ ‘Unexplored Destinations’ കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ഗതാഗത വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കടമക്കുടി അടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് വലിയ പിന്തുണയാണ് ബഹു. മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

ഇത്തരത്തിലുള്ള മികച്ച തീരുമാനങ്ങള്‍ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടും. നാടിന്റെ വികസനത്തിന് വേണ്ടിയുള്ള മികച്ച പദ്ധതികള്‍ക്ക് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നല്‍കും. മന്ത്രിമാരായ മുഹമ്മദ് റിയാസിനും ആന്റണി രാജുവിനും അഭിനന്ദനങ്ങള്‍.

നേരത്തെ മുഹമ്മദ് റിയാസിനെ പൊതുവേദിയില്‍ പ്രശംസിച്ച് ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ. രമ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മന്ത്രിയെ ലഭിച്ചത് അഭിമാനമായിട്ടാണ് കാണുന്നതെന്നായിരുന്നു രമ പറഞ്ഞത്.

‘ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം നമ്മുടെ പൊതുമരാമത്ത് – ടൂറിസം മിനിസ്റ്റര്‍ നമ്മള്‍ പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും പോസിറ്റിവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ്. കാര്യങ്ങള്‍ നടത്താന്‍ വേണ്ടി തയ്യാറാകുകയും ചെയ്യും. വടകരയില്‍ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയിലും നേരിട്ടും അദ്ദേഹത്തോട് പറഞ്ഞിരുന്നു. വളരെ പോസിറ്റീവായിട്ടാണ് ആവശ്യങ്ങളോട് മന്ത്രി പ്രതികരിച്ചത്’ – എന്നായിരുന്നു കെ.കെ. രമ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Hibi Eden Praise Minister Muhammed Riyas and Support Keravan project in kerala

We use cookies to give you the best possible experience. Learn more