വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയും ഹൈബി ഈഡന്‍ എം.പിയും.
ആര്‍ത്തവ സമയത്തെ സ്ത്രീകളുടെ മാനസിക- ശാരീരിക പ്രയാസങ്ങളെക്കുറിച്ചും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ഇരുവരും കുറിപ്പുകള്‍ പങ്കുവെച്ചിരിക്കുന്നത്.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ (Menstrual Cup) വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടി പാര്‍വതി തിരുവോത്ത് നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഷാഫി പറമ്പിലും ഹൈബി ഈഡനും വനിതാ ദിന ആശംസകള്‍ നേര്‍ന്നത്.
ഹൈബി ഈഡന്‍ എം.പിയുടെ നേതൃത്വത്തില്‍ വനിത ദിനത്തോടനുബന്ധിച്ചായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടന്നത്.
ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് പാര്‍വതി സംസാരിച്ച ചില കാര്യങ്ങള്‍ കൂടെ എടുത്തുപറഞ്ഞായിരുന്നു ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
‘പുരുഷന്മാര്‍ മികച്ച കേള്‍വിക്കാരാകണം, ആര്‍ത്തവ സമയത്തും ജോലി സമയത്തും സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക പ്രയാസങ്ങളെകുറിച്ച് ബോധവാന്മാരാകണം’ എന്നായിരുന്നു മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി പാര്‍വതി തിരുവോത്ത് സംസാരിച്ചത്. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഹൈബി ഈഡന്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
” ആര്‍ത്തവ ശുചിത്വരംഗത്ത് വിപ്ലവകരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദപരമായ, ഏത് സാഹചര്യത്തിലും അനായാസേന കൈകാര്യം ചെയ്യാവുന്ന നൂതന മാര്‍ഗങ്ങള്‍ ഈ രംഗത്ത് നടപ്പിലാക്കേണ്ടതുണ്ട്. അത്തരം കൂട്ടായ ചിന്തകളുടെ തുടക്കം മാത്രമാണ് ഈ പദ്ധതി.
ആ രക്തത്തിന് നാം ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ട്. ആ ദിവസങ്ങള്‍ അവര്‍ക്ക് ഒതുങ്ങി കൂടാനുള്ളതല്ല.. മറിച്ച് കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്ന ദിനങ്ങളാണ്.