Kerala News
'ഷമ്മി തന്നെയാടാ ഹീറോ'; തരൂരിനെ വാഴ്ത്തി ഹൈബി ഈഡന്‍; 1,072 ചെറിയ സംഖ്യയല്ലെന്ന് കമന്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 19, 02:04 pm
Wednesday, 19th October 2022, 7:34 pm

ന്യൂദല്‍ഹി: എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ‘ഷമ്മി തന്നെയാടാ ഹീറോ’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഹൈബി ഈഡന്‍.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ മികച്ച മത്സരം കാഴ്ചവെച്ച ശശി തരൂരിന് പന്തുണയുമായാണ് ഹൈബി ഈഡന്റെ പോസ്റ്റ്. നേരത്തെ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കിയപ്പോള്‍ ഹൈബി ഈഡന്‍ തരൂരിന് പിന്തുണ നല്‍കിയിരുന്നു. ഹൈബി ഈഡന്റെ പോസ്റ്റിന് താഴെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കമന്റുമായി എത്തുന്നത്.

‘പൊരുതിയ ശശി തരൂരിനും നിര്‍ഭയം ധീരതയോടെ അദ്ദേഹത്തിന് പിന്തുണ നല്‍കിയ താങ്കളെപ്പോലെയുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍, 1,072 ഒരു ചെറിയ സംഖ്യയല്ലാ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇഷ്ടപ്പെട്ട ആ 1072 പേര്‍ക്ക് അഭിനന്ദനങ്ങള്‍,’ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

നേരത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദനവുമായും ഹൈബി ഈടന്‍ രംഗത്തെത്തിയിരുന്നു.

‘എ.ഐ.സി.സി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദനങ്ങള്‍.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ഊര്‍ജം പകര്‍ന്ന് നല്‍കാന്‍ അങ്ങേക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ജനാധിപത്യത്തിന്റെ എല്ലാ സൗന്ദര്യവും കവിഞ്ഞൊഴുകിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ച്ച ശശി തരൂര്‍ എം.പി യ്ക്കും അഭിനന്ദനങ്ങള്‍,’ എന്നാണ് ഹൈബി ഈഡന്‍ എഴുതിയിരുന്നത്.

അതേസമയം, ശശി തരൂരിനെതിരെ 7,897 വോട്ടുകള്‍ നേടിയാണ് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഖാര്‍ഗെ എ.ഐ.സി.സി പ്രസിഡന്റായി വിജയിച്ചത്. തരൂരിന് 1,072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ പദവിയിലെത്തുന്നത്. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ് ഖാര്‍ഗെ.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്.