Kerala News
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് കേന്ദ്രത്തോട് ഹൈബി ഈഡന്‍; നിരാകരിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 01, 09:52 am
Saturday, 1st July 2023, 3:22 pm

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം.പി.
ലോക്‌സഭയിലവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നയാവശ്യം ഹൈബി ഈഡന്‍ ഉന്നയിച്ചത്. 2023 മാര്‍ച്ച് ഒമ്പതിന് ലോക്‌സഭയില്‍ അവതരിപ്പിച്ച സ്റ്റേറ്റ് ക്യാപിറ്റല്‍ റീലൊക്കേഷന്‍ ബില്ല്(The State Capital Relocation Bill 2023)ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് വന്നുപോകുന്നത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഹൈബി അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്.

എന്നാല്‍ തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എം.പി ഉന്നയിച്ച ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഇതിന് മറിപടിയായിട്ടാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്.