ജോജുവിന്റെ വികാരത്തെ പരിപൂര്‍ണമായി ബഹുമാനിക്കുന്നു, ജനങ്ങളുടെ ജീവിതത്തിന് പ്രയാസകരമായ സാഹചര്യം ഉണ്ടായതില്‍ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്: ഹൈബി ഈഡന്‍
Kerala News
ജോജുവിന്റെ വികാരത്തെ പരിപൂര്‍ണമായി ബഹുമാനിക്കുന്നു, ജനങ്ങളുടെ ജീവിതത്തിന് പ്രയാസകരമായ സാഹചര്യം ഉണ്ടായതില്‍ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്: ഹൈബി ഈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st November 2021, 1:54 pm

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വികാരത്തെ മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍. ജോജുവിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ മൗലിക ആവശ്യമായി കാണുന്നുവെന്നും ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈബി പറഞ്ഞു.

‘പെട്രോള്‍ ഡീസല്‍ ഉല്‍പന്നങ്ങള്‍ക്ക് 110 രൂപ കടന്നിരിക്കുകയാണ്. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട പ്രസ്ഥാനം എന്ന രീതിയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്നത്.ജനങ്ങളുെട ജീവിതത്തിന് പ്രയാസകരമായ സാഹചര്യം ഉണ്ടായതില്‍ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയൊരു പ്രതിഷേധം നടത്തണമെന്ന് ഞങ്ങളും വിചാരിച്ചില്ല. ഇതിന് മുമ്പും ചെറിയ പ്രതിഷേധം ഞങ്ങള്‍ നടത്തിയിരുന്നു. സൗജന്യമായി പെട്രോള്‍ അടിച്ചുകൊടുത്ത് പ്രതിഷേധം നടത്തിയിരുന്നു.’ഹൈബി ഈഡന്‍ പറഞ്ഞു.

എന്നാല്‍ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ച ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന ചോദ്യമുണ്ട്. ജോജുവിന്റെ വികാരത്തെ പരിപൂര്‍ണമായി ബഹുമാനിക്കുകയും മാനിക്കുകയും ചെയ്യുന്നു. ജോജുവിന്റെ മൗലികമായ അവകാശമാണ് പ്രതികരിക്കുക എന്നത്. അതില്‍ കുറ്റം പറയാനില്ല. പക്ഷേ ഇങ്ങനെയൊരു േദശീയ വിഷയത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രതികരിക്കും. ഇവിടെ പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും മൗനം കുറ്റകരമായ മൗനമാണ് എന്നും ഹൈബി ഈഡന്‍ പറഞ്ഞു.

അതേസമയം, വഴി തടയല്‍ സമരത്തിന് വ്യക്തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

ദേശീയപാത തടഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിക്കുകയും ഇതിന് പിന്നാലെ ജോജു ജോര്‍ജിന്റെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് വി.ഡി. സതീശന്‍ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍, വഴിതടയല്‍ സമരമൊക്കെ ജനാധിപത്യ സമൂഹത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ചെയ്യുന്ന കാര്യമാണെന്നും അതില്‍ അത്ഭുതമൊന്നും ഇല്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചത്.

സംഭവത്തില്‍ പ്രതികരണവുമായി ജോജുവും രംഗത്തെത്തിയിരുന്നു. തന്റെ പ്രതിഷേധം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത പരിപാടിയല്ലെന്നും സഹികെട്ടാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.

ഇത് റോഡ് ഉപരോധിച്ച് പ്രശ്നം ഉണ്ടാക്കിയവരോട് താന്‍ കാണിച്ച പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം അംഗീകരിക്കാത്തവര്‍ക്ക് അങ്ങനെ ചെയ്യാം കേസ് കൊടുക്കണമെങ്കില്‍ കൊടുക്കാം തനിക്ക് ഒരു പേടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടം വരെ എത്താമെങ്കില്‍ ജീവിക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Hibi Eden About Joju George