ബെയ്‌റൂട്ട്: മുതിർന്ന ഹമാസ് നേതാവ് സാലിഹ്-അൽ-അരൂരിയുടെ കൊലപാതകത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനന്റെ ഹിസ്ബുള്ള മൂവ്മെന്റ്.
” ഞങ്ങൾ ഉറപ്പിച്ച് പറയുന്നു കുറ്റകൃത്യത്തിന് മറുപടിയും ശിക്ഷയും നൽകാതെ ഇത് ഒരിക്കലും കഴിഞ്ഞു പോവില്ല”. ലെബനീസ് സായുധ സംഘം ചൊവ്വാഴ്‌ച്ച പ്രസ്താവന നടത്തി. ബെയ്‌റൂട്ടിൽ വെച്ച് നടന്ന സാലിഹ്-അൽ-അരൂരിയുടെ കൊലപാതകം ലെബനീസ് ജനതക്കും, രാജ്യ സുരക്ഷക്കും, പരമാധികാരത്തിനും മുകളിലുള്ള കടന്നു കയറ്റമാണെന്നും ഹിസ്ബുള്ള മൂവ്മെന്റ് പറഞ്ഞു.
അരൗരിക്ക് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് അൽ ഖസ്സം ബ്രിഗേഡ് കമാൻഡോകളും കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ ഉപതലവനാണ് കൊല്ലപ്പെട്ട സാലിഹ്-അൽ-അരൂരി. സ്ഫോടനം നടന്ന ദാഹിയെഹ്, ജനവാസ മേഖലയാണെന്നും, ഹിസ്ബുള്ള സംഘത്തിന്റെ ശക്തി കേന്ദ്രമായ ഇവിടെ ഹമാസിന്റെ നിരവധി ഓഫീസുകളും നിലക്കൊള്ളുന്നുണ്ട് എന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും ക്രൂരമായതാണ് ഇതെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി വിമർശിച്ചു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രഈൽ ഇത് വരെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാൽ ഹമാസിന്റെ മുഴുവൻ നേതാക്കളെയും ലോകത്തിന്റെ ഏതു ഭാഗത്ത് വെച്ചായാലും കൊന്നുകളയാൻ ഇസ്രഈൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിനോട് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ പറഞ്ഞിരുന്നു കൂടാതെ ഹമാസ് നേതാക്കളെ ലെബനനിലും, തുർക്കിയിലും, ഇറാനിലും വെച്ച് കൊല്ലുമെന്നും ഇസ്രഈൽ പല പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
ഇസ്രഈൽ ആക്രമണം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെ മുൻകൂട്ടി അറിയിച്ചിട്ടില്ല എന്ന് ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ യു.എസ് ഈ മേഖലയിൽ നിന്നും തങ്ങളുടെ സ്‌ട്രൈക്കിങ് ഗ്രൂപ്പിനെ പിൻവലിക്കും എന്ന വാർത്ത വന്നതിനുശേഷം ആണ് ആക്രമണം ഉണ്ടായതെന്നും അവർ പറയുന്നു.
കൊലപാതകം ഇസ്രഈൽ- ഫലസ്തീൻ യുദ്ധം രാജ്യാതിർത്തികൾ കടക്കുന്നതിന്റെ ആദ്യ സൂചനയായാണ് കാണപ്പെടുന്നത്. അരൗരിയുടെ കൊലപാതകം ഇസ്രഈലിന് മുകളിൽ ഹിസ്ബുള്ള സംഘത്തിന്റെ ശക്തമായ പ്രത്യാക്രമണത്തിലേക്കാണ് നയിക്കുന്നത്.
ലെബനീസ്, സിറിയൻ,ഇറാനിയൻ, ഫലസ്തീനിയൻ വ്യക്തികൾക്കും നേതാക്കൾക്കും നേരെ ലെബനീസ് മണ്ണിൽ കടന്നുകൊണ്ട് ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് ഹിസ്ബുള്ള ലീഡർ ഹസൻ നസ്‌റുല്ല പറഞ്ഞു.
അതിനിടയിൽ സാലിഹ്-അൽ-അരൂരിയുടെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇസ്രഈലി സൈന്യത്തെ തങ്ങൾ ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ളയെ കേന്ദ്രീകരിച്ചുള്ള വൃത്തങ്ങൾ അറിയിച്ചു.
Content Highlights: Hezbollah vows retaliation over Israel’s killing of senior Hamas leader in Beirut