ബെയ്‌റൂട്ട്: ഇസ്രഈല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല വക്താവ് മുഹമ്മദ് ഹഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബെയ്‌റൂട്ടിലെ റാസ് നബാ ജില്ലയിലെ ശിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ഓഫീസിന് നേരേ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഹഫീഫ് കൊല്ലപ്പെട്ടത്.
വര്‍ഷങ്ങളായി ഹിസ്ബുല്ലയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഹഫീഫിന്റെ മരണം ബാത്ത് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ജനറല്‍ അലി ഹിജാസി സ്ഥിരീകരിച്ചു.
സെപ്തംബറില്‍ ഇസ്രഈലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം നേരിട്ട് ആരംഭിച്ചപ്പോള്‍, അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയ്‌ക്കൊപ്പം ഹഫീഫ് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം, ഇസ്രഈല്‍ ആക്രമണത്തിന് മുന്നോടിയായി ഹിസ്ബുല്ല വക്താവ് എന്ന നിലയില്‍ ബെയ്റൂട്ടില്‍ അഫീഫ് പത്രസമ്മേളനം നടത്തിയിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇസ്രഈല്‍ ഗസയില്‍ കൂട്ടക്കുരുതി ആരംഭിച്ചതോടെ ഹിസ്ബുല്ലയും ഇസ്രഈലിലേക്ക് റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കാന്‍ ആരംഭിച്ചിരുന്നു.
ഇതിന് പകരമായി ഗസയിലേതിനു സമാനമായി ലെബനനിലും ഇസ്രഈല്‍ ആക്രമണം നടത്തി വരുകയാണ്. തുടര്‍ന്ന് സെപ്റ്റംബറില്‍ ഇത് സമ്പൂര്‍ണ യുദ്ധമായി മാറുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇസ്രഈല്‍ സൈന്യം ലെബനനിലേക്ക് കടന്ന് നേരിട്ടുള്ള യുദ്ധം ആരംഭിച്ചത്.
ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 3,400ലധികം ആളുകളാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 1.2 ദശലക്ഷത്തിലധികം ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. കഴിഞ്ഞ ദിവസം ലെബനനില്‍ മാത്രമായി ഒരു ദിവസം കൊണ്ട് 145 ബോംബാക്രമണങ്ങള്‍ ഇസ്രഈല്‍ സൈന്യം നടത്തിതായി ലെബനീസ് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലെബനന് പുറമെ റഫയിലും ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലും ഇന്ന് ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 15 ഫലസ്തീനികള്‍ കൊലപ്പെട്ടിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍, മുഖംമൂടി ധരിച്ചെത്തിയ ഇസ്രഈലി കുടിയേറ്റക്കാര്‍ ബെയ്റ്റ് ഫുറിക് ഗ്രാമത്തിലേക്ക് കടന്നുകയറി ഫലസ്തീനികളുടെ വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.
Content Highlight: Hezbollah spokesperson died in Israel attack in Lebanon