| Sunday, 11th February 2024, 1:44 pm

അതിർത്തി ലംഘിച്ച ഇസ്രഈലി ഡ്രോൺ ഹിസ്ബുള്ള പിടിച്ചടക്കിയതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്റൂട്ട്: ലെബനീസ് അതിർത്തി ലംഘിച്ച ഇസ്രഈലി ഡ്രോൺ പിടിച്ചടക്കിയതായി ലെബനന്റെ ഹിസ്ബുള്ള. ലെബനനിലെ അൽ മയാദീൻ വാർത്താ ചാനലാണ് പ്രവർത്തനക്ഷമമായ സ്കൈലാർക്ക് ഡ്രോൺ പിടിച്ചടക്കിയ കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുകൂടാതെ ഹിസ്ബുള്ള ഇസ്രഈൽ സേനയുടെ ജൽ അൽ അലം ഔട്പോസ്റ്റിൽ മിസൈൽ ആക്രമണം നടത്തുകയും നിരവധി ഇസ്രഈലി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹമാസിന്റെ മുതിർന്ന നേതാക്കളിലൊരാളെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണാക്രമണം പരാജയപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഹമാസ് റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥനായ ബാസിൽ സാലിഹിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ജാദ്ര നഗരത്തിൽ ഇസ്രഈൽ നടത്തിയതെന്ന് ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

റഫയുടെ വടക്ക് ഭാഗത്തായി അൽ നാസർ സമീപപ്രദേശത്തുള്ള ഒരു വീടിനെ നേരെ ഇസ്രഈൽ സൈന്യം നടത്തിയ ആക്രമണത്തിൽ 11 താമസക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഖാൻ യൂനിസിലെ അൽ അമൽ ആശുപത്രിയിൽ സൈന്യം തുടർച്ചയായി റെയ്ഡ് നടത്തുന്നതായും നഗരത്തിലെ നാസർ കോംപ്ലക്സിന്റെ മുറ്റത്തുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും ഫലസ്തീൻ സഫ ന്യൂസ് ഏജൻസി അറിയിച്ചു. നഗരത്തിന് കിഴക്ക് ഭാഗത്ത് അൽ ജെനീന പരിസരത്തുള്ള ഒരു വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹമാസിന്റെ സൈനിക നടപടി ക്രമങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ സംഘടനയെ പരാജയപ്പെടുത്തുക എന്നത് ഇസ്രഈലിന് സാധ്യമായ കാര്യമല്ലെന്നും അമേരിക്കൻ രഹസ്യാന്വേഷണ സംഘം വ്യക്തമാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Content Highlight: Hezbollah seizes Israeli drone ‘in good condition,’ strikes military outposts

Latest Stories

We use cookies to give you the best possible experience. Learn more