ബെയ്റൂട്ട്: ലെബനനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രഈല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഹിസ്ബുള്ള. ഇസ്രഈലി സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സയണിസ്റ്റ് ഭരണകൂടവും വലിയ വില നല്‍കേണ്ടി വരുമെന്ന് ഹിസ്ബുള്ളയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ലെബനീസ് പാര്‍ലമെന്റ് അംഗവുമായ ഹസന്‍ ഫദ്ലല്ല പറഞ്ഞു.
ബുധനാഴ്ച ലെബനന്റെ തെക്ക് ഭാഗത്ത് നടന്ന ഇസ്രഈലിന്റെ ആക്രമണത്തില്‍ പതിനൊന്ന് പൗരന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹസന്‍ ഫദ്ലല്ലയുടെ പ്രതികരണം. ഇസ്രഈല്‍ ആക്രമണത്തിന് കൂടുതലും ഇരയായത് കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വടക്കന്‍ ഇസ്രഈലി പട്ടണമായ സഫേദിലേക്ക് ഹിസ്ബുള്ള റോക്കറ്റ് വിക്ഷേപിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 20 വയസുള്ള ഒരു വനിതാ സൈനിക കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും എ.പി റിപ്പോര്‍ട്ട് ചെയ്തു.
ഗസയില്‍ ചെറുത്തുനില്‍പ്പ് നടത്തുന്ന ഫലസ്തീനികളെ പിന്തുണച്ച് ലെബനന്‍ സായുധ സംഘം ഇരു രാജ്യങ്ങളുടെയും തര്‍ക്ക അതിര്‍ത്തിയില്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഹിസ്ബുള്ളയും ഇസ്രഈലി സൈന്യവും നാല് മാസത്തിലേറെയായി അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തുകയാണ്.
അതേസമയം ബഗ്ദാദിലെ കതൈബ് ഹിസ്ബുള്ള മേധാവിയെ വധിക്കാന്‍ യു.എസ് സൈന്യം ഉപയോഗിച്ചത് ഫ്ലൈയിങ് ജിന്‍സു എന്നറിയപ്പെടുന്ന ആറ് ബ്ലേഡുകള്‍ ഘടിപ്പിച്ച ഹെല്‍ ഫയര്‍ മിസൈലുകള്‍ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കതൈബ് ഹിസ്ബുള്ളയുടെ സിറിയന്‍ ഓപറേഷന്‍സ് കമാന്‍ഡര്‍ അബൂബക്കര്‍ അല്‍ സാദിയയെ യു.എസ് സൈന്യം കൊലപ്പെടുത്തിയത്.
വാള്‍ സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അബൂബക്കര്‍ അല്‍ സാദിയെ വധിക്കാന്‍ സ്‌ഫോടക വസ്തുക്കള്‍ക്ക് പകരം ബ്ലേഡുകള്‍ ഘടിപ്പിച്ച ഹെല്‍ ഫയര്‍ മിസൈലുകള്‍ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 28,176 ആയി വര്‍ധിച്ചുവെന്നും 67,784 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Hezbollah says that Israel will have to pay a heavy price for its crimes