ബെയ്‌റൂട്ട്: ലെബനനും ഇസ്രഈലും തമ്മിലുള്ള യുദ്ധ ഭീതി ഉയര്‍ത്തി ഇസ്രഈലിലെ തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവെച്ച് ഹിസ്ബുള്ള. ഭീഷണികളും വെല്ലുവിളികളും തുടരുന്നതനിടെ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയുടെ വീഡിയോ ആണ് പുറത്തുവന്നത്.
ഇസ്രഈലില്‍ ആക്രമണം നടത്താന്‍ ഹിസ്ബുള്ള ഉദ്ദേശിക്കുന്ന കേന്ദ്രങ്ങള്‍ ഏതൊക്കെയെന്ന് എണ്ണിപ്പറഞ്ഞ് കൊണ്ടുള്ള വീഡിയോ ആണ് പങ്കുവെച്ചത്.
ലെബനനിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സിന്റെ മിലിട്ടറി മീഡിയ ആണ് വീഡിയോ പങ്കുവെച്ചത്. യുദ്ധത്തിലേക്ക് നീങ്ങാനാണ് ഇസ്രഈലിന്റെ ഉദ്ദേശമെങ്കില്‍ എല്ലാ നിയമ നിയന്ത്രണങ്ങളും മറികടന്ന് അതിനെ പ്രതിരോധിക്കുമെന്നാണ് ഹിസ്ബുള്ള നേതാവ് പറഞ്ഞത്.
ലെബനനെതിരെ യുദ്ധം ചെയ്താല്‍ ഇസ്രഈല്‍ അതിന് ഖേദിക്കേണ്ടി വരുമെന്നും ഹസന്‍ നസ്‌റല്ല മുന്നറിയിപ്പ് നല്‍കി.
⚡️BREAKING
Hezbollah has just released a video entitled “whoever thinks of war against us will regret”
The video shows all the strategic sites in Israel that Hezbollah intends to target pic.twitter.com/GjB1BspaUt
ഇസ്രഈലിന്റെ നെഗേവ് മരുഭൂമിയിലെ ഡിമോണ ന്യൂക്ലിയർ റിയാക്ടറിലെ റിസർച്ച് സെൻ്റർ, ടെൽ അവീവിലെ ബെൻ ഗുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ട്, ഭരണകൂടത്തിൻ്റെ ഏറ്റവും വലിയ ഔട്ട്‌പോസ്റ്റുകളിലൊന്നായ നെവാറ്റിം എയർബേസ് എന്നിവയാണ് ഹിസ്ബുള്ളയുടെ പ്രധാന ലക്ഷ്യ കേന്ദ്രങ്ങളായി വീഡിയോയിൽ പറയുന്നത്. ടെൽ അവീവിലെ ഹകിര്യ കോംപ്ലക്‌സും ഭരണകൂടത്തിൻ്റെ സുരക്ഷാ മന്ത്രാലയവും അതിൻ്റെ ജനറൽ സ്റ്റാഫിന്റെ കേന്ദ്രങ്ങൾ ഉൾപ്പടെയും ലക്ഷ്യ സ്ഥാനങ്ങളായി പറയുന്നുണ്ട്.
അതിനിടെ, ഇസ്രഈൽ ലെബനൻ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. യുദ്ധ ഭീതി തുടരുന്നതിനാൽ ലെബനനിലെ തങ്ങളുടെ പൗരൻമാർക്ക് അടിയന്തര മുന്നറിയിപ്പുമായി കുവൈത്ത് രംഗത്തെത്തിയിരുന്നു.
പൗരൻമാർ ലെബനൻ ഉടൻ വിടണമെന്നാണ് കുവൈത്ത് അറിയിച്ചിരിക്കുന്നത്. ലെബനൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന പൗരന്മാരോട് തൽക്കാലം മാറി നിൽക്കാനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തിനോടൊപ്പം കാനഡയും ലെബനനിലെ തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലെബനനിൽ നിന്ന് 45,000 പൗരന്മാരെ ഒഴിപ്പിക്കാൻ കാനഡ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രഈൽ സൈന്യവും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലുകളും പിരിമുറുക്കവും വർധിക്കുന്നതിനിടെ ആശങ്ക പ്രകടിപ്പിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും രംഗത്തെത്തി. ലെബനനെ മറ്റൊരു ഗസയാക്കരുതെന്നാണ് ഗുട്ടെറസ് പറഞ്ഞത്.
സംഘർഷം രൂക്ഷമായതിനൊപ്പം തന്നെ ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ നടത്തുന്ന വെല്ലുവിളികളും കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടെയാണ് ഗുട്ടെറസിന്റെ പ്രതികരണം. യു.എൻ സമാധാന സേനാംഗങ്ങൾ സ്ഥിതിഗതികൾ ശാന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളിയാഴ്ച ഗുട്ടെറസ് പറഞ്ഞു.
Content Highlight: Hezbollah releases footage of sensitive Israeli targets as Tel Aviv tempts war