ബെയ്‌റൂട്ട്: ഹിസ്ബുല്ല മേധാവി ഹസന്‍ നസറുല്ലയെ വധിച്ചതായി ഇസ്രഈല്‍ സൈന്യം. വെള്ളിയാഴ്ച്ച വൈകുന്നേരം ലെബനനില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവിനെ കൊലപ്പെടുത്തിയതെന്നാണ് ഇസ്രഈല്‍ സൈന്യം അവകാശപ്പെട്ടത്.
എന്നാല്‍ നസറുല്ലയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല.
നസറുല്ലയെ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 300 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമസമയത്ത് നസറുല്ല, ഹിസ്ബുല്ല ആസ്ഥാനത്ത് ഉണ്ടായിരുന്നതായാണ് ഇസ്രഈല്‍ സൈന്യം അവകാശപ്പെടുന്നത്. ഇദ്ദേഹത്തിന് പുറമെ സംഘടനയുടെ കമാന്‍ഡര്‍ അലി അക്കാരി, ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ എന്നിവരും കൊല്ലപ്പെട്ടതായി ഇസ്രഈല്‍ സൈന്യം പറഞ്ഞു.
അക്രമം നടന്ന വെള്ളിയാഴ്ച്ച മുതല്‍ നസറുല്ലയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഹസന്‍ നസറുല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് ഇസ്രഈല്‍ പ്രതിരോധ സേന എക്‌സില്‍ പങ്കുവെച്ച പോസ്‌ററില്‍ അറിയിച്ചിരുന്നു.
64കാരനായ നസറുല്ല, 32 വര്‍ഷത്തിലേറെയായി ഹിസ്ബുല്ലയുടെ നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇസ്രഈലിന്റെയും അമേരിക്കയുടേയും നിരന്തര വിമര്‍ശകനാണ് ഇദ്ദേഹം.
2006ല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലും നസറുല്ല കൊല്ലപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം നസറുല്ല പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു.
Content Highlight: Hezbollah leader Hassan Nasrallah killed in airstrike