ബെയ്‌റൂട്ട്: സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിസ്‌ബൊല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ഐ.എസ് ആശയം പ്രചരിപ്പിക്കുന്നതും സൗദിയാണെന്നാണ് നസ്‌റല്ല പറഞ്ഞത്.
ഐ.എസ്.ഐ.എല്‍ ആശയം കയറ്റുമതി ചെയ്യുന്നതും ഇറാഖില്‍ ചാവേറാക്രമണം ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ കടത്തുന്നതും സൗദിയാണെന്നായിരുന്നു നസ്‌റല്ലയുടെ ഗുരുതര ആരോപണം.
തിങ്കളാഴ്ച ടി,വി ചാനലിലൂടെ സംസാരിക്കവെയായിരുന്നു നസ്‌റല്ലയുടെ സൗദി പരാമര്‍ശം. ഇറാന്‍ മിലിട്ടറി ഓഫീസറായിരുന്ന ഖാസ്ം സുലൈമാനി അമേരിക്കയുടെ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു നസ്‌റല്ല.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ അഭിസംബോധന ചെയ്തും നസ്‌റല്ല സംസാരിച്ചിരുന്നു. ”ഐ.എസ്.ഐ.എസ് ആശയം ലോകത്തേക്ക് കൊണ്ടുവന്നവനാണ് ഭീകരവാദി.
ഇറാഖിലും സിറിയയിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ ആയിരക്കണക്കിന് സൗദികളെ അയക്കുന്നവരാണ് ഭീകരവാദികള്‍. അത് നിങ്ങളാണ്,” നസ്‌റല്ല പറഞ്ഞു.
അമേരിക്കയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലും യെമനില്‍ നടത്തുന്ന മിലിറ്ററി ഓപ്പറേഷന്റെ പേരിലും സൗദിക്കെതിരെ നസ്‌റല്ല ആഞ്ഞടിച്ചു.
ഹിസ്‌ബൊല്ല ഒരിക്കലും സൗദിയെ ആക്രമിച്ചിട്ടില്ലെന്നും മിഡില്‍ ഈസ്റ്റ് പ്രദേശത്തെ നശിപ്പാക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തുകയാണ് സൗദി ചെയ്തതെന്നും നസ്‌റല്ല വിമര്‍ശിച്ചു.
ലെബനനിലെ ഷിയ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയപാര്‍ട്ടിയും തീവ്രവാദ സംഘവുമാണ് ഹിസ്‌ബൊല്ല. ഇറാന്റെ പിന്തുണയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം നസ്‌റല്ലയുടെ സൗദി വിമര്‍ശനം ലെബനനിന്റെ ഔദ്യോഗിക അഭിപ്രായമല്ലെന്ന് ലെബനന്‍ പ്രധാനമന്ത്രി നജീബ് മികാടി പ്രതികരിച്ചിട്ടുണ്ട്.
സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, കുവൈത്ത് തുടങ്ങി ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സുഗമമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് നിലവില്‍ ലെബനന്‍. ഇതിനിടെയാണ് ലെബനനിലെ നിര്‍ണായക സ്വാധീനമായ ഹിസ്‌ബൊല്ലയുടെ സെക്രട്ടറി ജനറല്‍ കൂടിയായ നസ്‌റല്ലയുടെ പ്രസ്താവന.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ലെബനനിലെ തങ്ങളുടെ അംബാസഡര്‍മാരെ ഗള്‍ഫ് രാജ്യങ്ങള്‍ പിന്‍വലിച്ചിരുന്നു. ലെബനനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സൗദി നിരോധിക്കുകയും ചെയ്തിരുന്നു.
യെമനിലെ പ്രശ്‌നങ്ങളിലും മിഡില്‍ ഈസ്റ്റിലെ മറ്റ് വിഷയങ്ങളിലും ഹിസ്‌ബൊല്ല ഇടപെടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം.