| Friday, 26th January 2024, 2:58 pm

ഇസ്രഈലിന്റെ അയണ്‍ ഡോം മിസൈല്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ഡ്രോണാക്രമണം നടത്തി ഹിസ്ബുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇസ്രഈലിന്റെ അയണ്‍ ഡോം മിസൈല്‍ സംവിധാനങ്ങള്‍ക്കെതിരെ കൂടുതൽ ആക്രമണങ്ങൾ തൊടുത്തുവിടുമെന്ന് മുന്നറിയിപ്പുമായി ഹിസ്ബുള്ള. അധിനിവേശ സര്‍ക്കാരിന്റെ മിസൈല്‍ സംവിധാനത്തിനും അയണ്‍ ഡോം പ്ലാറ്റ്ഫോമുകള്‍ക്കുമെതിരെ നിലവില്‍ രണ്ട് കാമികേസ് ഡ്രോണുകള്‍ വിക്ഷേപിച്ചതായി ലെബനനിലെ പ്രതിരോധ സേനയായ ഹിസ്ബുള്ള പറഞ്ഞു. ലെബനനിലെ അല്‍ മനാര്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ലെബനീസ് സര്‍ക്കാരിനെതിരെയും ഹിസ്ബുള്ളക്കെതിരെയും വെടിവെപ്പ് നടത്തിയിരുന്നു. ലെബനന്‍ പൗരന്മാരുടെ സുരക്ഷക്ക് ആഘാതം സൃഷ്ടിച്ച ഇസ്രഈലി സൈന്യത്തിനെതിരെ ഹിസ്ബുള്ള നേരിട്ട് രംഗത്തെത്തുകയായിരുന്നു.

അതേസമയം ലെബനനിലെ ടെയ്ര്‍ ഹര്‍ഫ ഗ്രാമത്തിലെ ഒരു വീടിന് നേരെ ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതായി നാഷണല്‍ ന്യൂസ് ഏജന്‍സി (എന്‍.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. അല്‍മ അല്‍ ഷാബ് ഗ്രാമത്തിന്റെയും ധൈര പട്ടണത്തിന്റെയും സമീപ പ്രദേശങ്ങളില്‍ വെളുത്ത ഫോസ്ഫറസ് ഷെല്ലുകള്‍ പതിച്ചതായും എന്‍.എന്‍.എ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഹിസ്ബുള്ള അംഗങ്ങളും ലെബനന്‍ പൗരന്മാരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഗസയിലെ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ അതിരുവിട്ടിരിക്കുകയാണ്. ഗസയിലെ ഖാന്‍ യൂനിസില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുകയായിരുന്ന ഫലസ്തീനികളെ ബോംബെറിഞ്ഞ് ഇസ്രഈല്‍ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാന്‍ യൂനിസിലെ ആശുപത്രി പരിസരത്ത് ആഹാരത്തിനായി വരിനില്‍ക്കുകയായിരുന്ന ആയിരത്തോളം പേര്‍ക്കിടയില്‍ നടത്തിയ ബോംബാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു.

ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ അല്‍ ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ ആവശ്യമായ വൈദ്യ സാമഗ്രികളൊന്നുമില്ല. ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഇതിനാല്‍ മരണ സംഖ്യ ഇനിയും കൂടുവാന്‍ സാധ്യതയുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Hezbollah launched drone strikes against Israel’s Iron Dome missile platforms

We use cookies to give you the best possible experience. Learn more