ടെല്‍ അവീവ്: ലെബനനില്‍ ഇസ്രഈല്‍ സേന ആക്രമണം ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുല്ല. ടെല്‍ അവീവിലെ ഇസ്രഈല്‍ ഇന്റലിജന്‍സ് ആസ്ഥാനവും ഹൈഫയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സ്റ്റെല്ല മാരിസ് നാവിക താവളത്തിലും ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. റോക്കറ്റ് വഴിയും ബോബാക്രമണവും വഴിയുമാണ് ഹിസ്ബുല്ലയുടെ ആക്രമണം.
വടക്കന്‍ ഇസ്രഈലില്‍ ഹിസ്ബുല്ല ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ ടെല്‍ അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ആക്രമണമുണ്ടായതിന് പിന്നാലെ ഇരു നഗരങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലെബനനില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകള്‍ പതിച്ച് വടക്കന്‍ ഇസ്രഈലിലെ ഒരു കെട്ടിടവും ഒന്നിലധികം കാറുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി സ്ഥിതി ചെയ്യുന്ന സിസേറിയയിലും മിസൈല്‍ പതിച്ചതായി വിവരമുണ്ട്.
അതേസമയം ഇസ്രഈല്‍ വടക്കന്‍ ഗസയിലെ ബെയ്ത്ത് ലഹിയയില്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവയ്ക്ക് പുറമെ മേഖലയിലേക്കുള്ള യു.എന്‍ സഹായവും ഇസ്രഈല്‍ തടഞ്ഞ് വെച്ചിട്ടുണ്ട്.
ഇതോടെ വടക്കന്‍ ഇസ്രഈലില്‍ സൈനിക ഉപരോധത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 360 ആയി. കഴിഞ്ഞ 48 മണിക്കൂറില്‍ മാത്രം 115 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇസ്രഈല്‍ ആക്രമണത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ മരിച്ചവരുട എണ്ണം 42,718 ആയി ഉയര്‍ന്നു. 100,282 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Hezbollah intensifies attacks in northern Israel; Emergency in Tel Aviv