ഇസ്രഈലില്‍ ഹിസ്ബുള്ളയുടെ മിസൈലാക്രമണം; ഇറാനും ആക്രമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
World News
ഇസ്രഈലില്‍ ഹിസ്ബുള്ളയുടെ മിസൈലാക്രമണം; ഇറാനും ആക്രമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 3:40 pm

ടെല്‍ അവീവ്: ഇസ്രഈലിന് നേരെ മിസൈലാക്രമണം നടത്തി ലെബനനിലെ ഹിസ്ബുള്ള. ഡസന്‍ കണക്കിന് മിസൈലുകളാണ് ഇസ്രഈലിന് നേരെ ഹിസ്ബുള്ള വിക്ഷേപിച്ചത്. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ ആക്രമണം.

ഇസ്രഈലിനെതിരായ ആക്രമണത്തിന് ഹിസ്ബുള്ള ഉപയോഗിച്ചത് കത്യുഷ മിസൈലുകളാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ള വിക്ഷേപിച്ച ഭൂരിഭാഗം മിസൈലുകളും തടഞ്ഞതായി ഇസ്രഈല്‍ അറിയിച്ചു. ഇസ്രഈലിലെ ബെയ്റ്റ് ഹില്ലിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.

അടുത്തിടെ ലെബനനിലെ കെഫാര്‍ കിലയിലും ദേര്‍ സിരിയാനിലും ഇസ്രഈലി സൈന്യം ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഹനിയ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബെയ്റൂട്ടില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാന്‍ഡറായ ഫൗദ് ഷുക്കൂറും കൊല്ലപ്പെട്ടിരുന്നു.

ഈ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടുകയുണ്ടായി. ഈ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ബെയ്റ്റ് ഹില്ലില്‍ നല്‍കിയതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു.

അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് യു.എസ് അറിയിച്ചു. എന്നാല്‍ യു.എസിന്റെ പിന്തുണയോടും അറിവോടും കൂടിയാണ് ബെയ്റൂട്ടില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം ഇറാന്‍, ഹമാസ്, ഹൂത്തി വിമതസംഘം എന്നിവര്‍ സംയുക്തമായി ഇസ്രഈലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ അതിഥിയെ രാജ്യത്തിനകത്ത് കടന്ന് കൊലപ്പെടുത്തിയതില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഹനിയയുടെ മരണത്തെ ഉദ്ധരിച്ചായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.

തിങ്കളാഴ്ചയോടെ ഇസ്രഈലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായേക്കുമെന്നാണ് യു.എസിനെയും ഇസ്രഈലിലെ ചില ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രഈല്‍ ഇതുവരെ തങ്ങളുടെ പങ്ക് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഈജിപ്തില്‍ ഗസയിലെ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, വെസ്റ്റ് ബാങ്കില്‍ ശനിയാഴ്ച ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Content Highlight: Hezbollah in Lebanon launched a missile attack on Israel