ഹിസ്ബുള്ള സീനിയര്‍ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു
World
ഹിസ്ബുള്ള സീനിയര്‍ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2013, 2:01 am

[]ബെയ്‌റൂട്ട്: ലെബനനിലെ ഷിയാ ഭീകരപ്രസ്ഥാനമായ ഹിസ്ബുള്ളയുടെ സീനിയര്‍ കമാന്‍ഡര്‍ ഹസന്‍ അല്‍ ലാഖിസ് വെടിയേറ്റ് മരിച്ചു. ബെയ്‌റൂട്ടിലെ വസതിക്കു സമീപത്ത് നിന്നാണ് ഇയാള്‍ക്ക് വെടിയേറ്റത്.

സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുപയോഗിച്ച് അജ്ഞാതര്‍ ലാഖിസിന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇസ്രായേലാണ് കൊലയ്ക്ക് പിന്നിലെന്നും , മുമ്പും പലവട്ടം ലാഖിസിനെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഹിസ്ബുള്ള ആരോപിച്ചു.
എന്നാല്‍, ഈ ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. ഇസ്രായേലുമായി ഹിസ്ബുള്ള 2006ല്‍ 34 ദിവസം നീണ്ട യുദ്ധം നടത്തിയിരുന്നു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ വിശ്വസ്തനാണ് നാല്‍പ്പതുകാരനായ ലാഖിസ്. ആയുധനിര്‍മാണ വിദഗ്ധനായിരുന്നു. സിറിയയില്‍ ബാഷര്‍ അല്‍ അസദിനെ പിന്തുണച്ച് വിമതസേനയ്‌ക്കെതിരെ ഹിസ്ബുള്ള നടത്തുന്ന യുദ്ധത്തിലും ലാഖിസ് പങ്കെടുത്തിരുന്നു.

ബെയ്‌റൂട്ടിലെ ഇറാനിയന്‍ എംബസിയില്‍ കഴിഞ്ഞ മാസമുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ സൗദി അറേബ്യയാണെന്ന് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള രണ്ട് ദിവസം മുമ്പ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ലാഖിസ് കൊല്ലപ്പെട്ട വാര്‍ത്തയും വന്നിരിക്കുന്നത്. ഹിസ്ബുള്ളയെ പിന്തുണക്കുന്നവരില്‍ പ്രധാനിയാണ് ഇറാന്‍. ലാഖിസിന്റെ മൃതദേഹം ബക്കാ താഴ്‌വരയിലെ ബാല്‍ബക് പട്ടണത്തില്‍ കബറടക്കി. ആയിരങ്ങള്‍ അനുശോചന ചടങ്ങിനെത്തിയിരുന്നു.