ബെയ്റൂട്ട്: ഇസ്രഈലില്‍ ലെബനന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് ഇസ്രഈല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രഈൽ അതിർത്തിക്കടുത്ത് ലെബനൻ നടത്തിയ ആക്രമണത്തിൽ നിരവധി ഇസ്രഈൽ സൈനികർക്ക് പരിക്കേറ്റിരുന്നു.
ലെബനാനിലെ സായുധ സംഘമായ ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലെബനൻ അതിർത്തിയിലേക്ക് കടന്ന ഇസ്രഈൽ സൈനികർക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഹിസ്ബുള്ള തിങ്കളാഴ്ച പറഞ്ഞു.
ഇസ്രഈൽ അതിർത്തിയോട് ചേർന്നുള്ള തെക്കൻ ലെബനനിലെ ടെൽ ഇസ്മായിൽ പ്രദേശത്താണ് സ്ഫോടനം നടന്നത്. അതിർത്തി കടന്ന് പട്രോളിങ് നടത്തിയ സൈനികർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സ്ഫോടനത്തിൽ നാല് ഇസ്രഈൽ സൈനികർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലെബനനിൽ വെച്ചാണ് സ്ഫോടനം നടന്നതെന്ന് സ്ഥിരീകരിച്ചതായി ഇസ്രഈലിന്റെ സൈനിക വക്താവ് പറഞ്ഞു. ഗസക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രഈലിനെതിരായ സൈനിക നടപടി തുടരുമെന്ന് ഹിസ്ബുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlight: Hezbollah Claims Drone Attack On North Israel