ഇറാനെതിരെ യുദ്ധമുണ്ടായാല്‍ മിഡില്‍ഈസ്റ്റ് കത്തിച്ചാമ്പലാവും; മുന്നറിയിപ്പുമായി ഹിസ്ബുള്ള
Middle East Politics
ഇറാനെതിരെ യുദ്ധമുണ്ടായാല്‍ മിഡില്‍ഈസ്റ്റ് കത്തിച്ചാമ്പലാവും; മുന്നറിയിപ്പുമായി ഹിസ്ബുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2019, 4:41 pm

 

സനാ: ഇറാനെതിരെ യുദ്ധമുണ്ടായാല്‍ അത് മിഡില്‍ഈസ്റ്റിനെ തകര്‍ക്കുമെന്ന് ലെബനീസ് പൊളിറ്റിക്കല്‍ ആന്റ് ആംഡ് മൂവ്‌മെന്റ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.

‘ഇറാനെതിരെ നടക്കുന്ന ഏത് യുദ്ധവും ഇറാന്‍ അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കില്ല. ആ മേഖല മുഴുവന്‍ കത്തും.’ ഹസന്‍ നസ്രല്ല യു.എസില്‍ പറഞ്ഞു.

സൗദിയിലെ മെക്കയില്‍ അറബ് ലീഗിന്റെയും ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷനുകളുടെയും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെയും യോഗം നടക്കുന്ന സാഹചര്യത്തിലാണ് ഹസന്‍ നസ്രല്ലയുടെ പ്രതികരണം.

മേഖലയില്‍ ഇറാന്റെ ഇടപെടല്‍ വര്‍ധിക്കുന്നുവെന്ന് സൗദി അറേബ്യ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. യു.എസും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു മെക്ക ഉച്ചകോടി നടന്നത്.

2015ല്‍ അമേരിക്കയടക്കമുള്ളരാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്‍മാറുകയായിരുന്നു. ഇതോടെ ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ പുനസ്ഥാപിച്ചിരുന്നു.

സാമ്പത്തിക മേഖല, ഊര്‍ജ-പ്രതിരോധ മേഖല, ബാങ്കിങ് മേഖല എന്നിവയിലാണ് ഉപരോധം. എണ്ണ കമ്പനികള്‍ക്കും ഷിപ്പിങ് കമ്പനികള്‍ക്കും പുറമെ 700 വ്യക്തികളും അമേരിക്കയുടെ ഉപരോധ പട്ടികയില്‍ ഉണ്ടെന്നും സൂചനയുണ്ട്. എണ്ണ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കലാണ് അമേരിക്കയുടെ ലക്ഷ്യം.

ഉപരോധം നടപ്പിലായാല്‍ വിദേശ കമ്പനികള്‍ക്ക് ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്നതില്‍ വിലക്ക് വരും. ഇതുമൂലം സമ്പദ് വ്യവസ്ഥയില്‍ 1.5 ശതമാനം ഇടിവുണ്ടാകുമെന്നാണ് ഐ.എം.എഫ്. വിലയിരുത്തല്‍.