| Tuesday, 19th November 2024, 12:58 pm

ടെല്‍ അവീവില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ഇസ്രഈലില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈല്‍ തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രഈല്‍ നഗരത്തില്‍ 100ലധികം റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ചാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്.

ഹിസ്ബുല്ല തൊടുത്തുവിട്ട റോക്കറ്റ് പതിച്ച്‌ വടക്കന്‍ പട്ടണമായ ഷ്ഫാറമിലെ മൂന്ന് നില കെട്ടിടത്തിലെ സഫാ അവദ് (41) എന്ന സ്ത്രീ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ കെട്ടിടത്തിലുണ്ടായിരുന്ന 12 പേര്‍ക്കും റോക്കറ്റ് ആക്രമണത്തില്‍ പരിക്കുണ്ട്.

പരിക്കേറ്റവരില്‍ ഒരു സ്ത്രീയടേയും നാല് വയസ്സുള്ള ആണ്‍കുട്ടിയുടേയും ആരോഗ്യനില ഗുരുതരമാണെന്ന് ഹൈഫയിലെ റാംബാം ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആക്രമണത്തെ നേരിടാന്‍ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ വിക്ഷേപിച്ചതായും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചു.

റോക്കറ്റ് ആക്രമണത്തില്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തെങ്കിലും സാരമായി പരിക്കേറ്റത് കാരണം മരിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം തിങ്കളാഴ്ച വൈകുന്നേരം സെന്‍ട്രല്‍ ബെയ്റൂട്ടില്‍ ഇസ്രഈല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ബെയ്റൂട്ടിലെ ദഹിയയിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്നാണ് സൂചന.

ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 3,400ലധികം ആളുകളാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 1.2 ദശലക്ഷത്തിലധികം ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. കഴിഞ്ഞ ദിവസം ലെബനനില്‍ മാത്രമായി ഒരു ദിവസം കൊണ്ട് 145 ബോംബാക്രമണങ്ങള്‍ ഇസ്രഈല്‍ സൈന്യം നടത്തിതായി ലെബനീസ് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Hezbollah attack on Tel Aviv one died; 17 injured

We use cookies to give you the best possible experience. Learn more