ടെല്‍ അവീവ്: ഗസയിലെ ഇസ്രഈല്‍ അധിനിവേശം ഒരു വര്‍ഷം പിന്നടുമ്പോള്‍ ഇസ്രഈല്‍ നഗരമായ ഹൈഫയെ ആക്രമിച്ച് ഹിസ്ബുല്ല. റോക്കറ്റ് ആക്രമണത്തില്‍ 10ഓളം പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രഈല്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
വടക്കന്‍ ഇസ്രഈലിലേക്ക് ഡസന്‍ കണക്കിന് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ഹിസ്ബുല്ല ആക്രമണം നടത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇസ്രഈലിനെതിരെ ഇത്തരത്തിലൊരു വലിയ ആക്രമണം ഹിസ്ബുല്ല നടത്തുന്നത്. അതേസമയം ഹിസ്ബുല്ലയുടെ ആക്രമണം പരാജയപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ ഏകദേശം 1.1 ദശലക്ഷത്തിലധികം ജനങ്ങളാണുള്ളത്. ഹൈഫയ്ക്ക് പുറമെ സമീപ നഗരമായ തിബിരിസിലും റോക്കറ്റ് പതിച്ചിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തില്‍ ചില കെട്ടിടങ്ങള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇസ്രഈല്‍ സൈനികത്താവളം ലക്ഷ്യമാക്കിയാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഫാഡി 1’ മിസൈലുകളുടെ സാല്‍വോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹൈഫയില്‍ രണ്ട് റോക്കറ്റുകളും തിബീരിസില്‍ അഞ്ച് റോക്കറ്റുകളുമാണ് പതിച്ചിരുക്കുന്നതെന്നാണ് വിവരം.
അതേസമയം ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ ആക്രമണം തുടരുകയാണ്. ബെയ്‌റൂട്ടില്‍ ഇന്നലെ രാത്രി നടത്തിയ സ്‌ഫോടനത്തില്‍ നിരവധി ലെബനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ലെബനന് പുറമെ ഗസയിലും ഇസ്രഈല്‍ ആക്രമണം ശക്തമാവുകയാണ്.
വടക്കന്‍ ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ആളുകളോട് എത്രയും വേഗം ഒഴിഞ്ഞ് പോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഗസയില്‍ ഇന്നലെ നടന്ന ബോംബാക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗസയിലെ ഇസ്രഈല്‍ അധിനിവേശം ഒരു വര്‍ഷം പിന്നിടവെ ഗസയില്‍ ഇതുവരെ 41,870 പേര്‍ കൊല്ലപ്പെടുകയും 97,166 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Hezbollah attack Israel city Haifa