| Tuesday, 17th May 2022, 4:02 pm

ലെബനന്‍ തെരഞ്ഞെടുപ്പ്: ഹിസ്ബുള്ളയ്ക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷം കാണാമറയത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ലെബനനിലെ തെരഞ്ഞെടുപ്പില്‍ ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ളയ്ക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷം നഷ്ടമായതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട നിയമനിര്‍മ്മാണ ഫലങ്ങള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്.

ലെബനനില്‍ ഞായറാഴ്ചയായിരുന്നു 128 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷമായ 65 സീറ്റുകളില്‍ 62 സീറ്റുകളാണ് ഇത്തവണ ഹിസ്ബുള്ളയും സഖ്യകക്ഷികളും നേടിയത്.

2018ലെ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളാണ് സഖ്യം നേടിയത്. ലെബനനിലെ ഏറ്റവും പഴയ രാഷ്ട്രീയ രാജവംശങ്ങളിലൊന്നിന്റെ അവകാശിയും ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഡ്രൂസ് പ്രതിനിധിയായ തലാല്‍ അര്‍സ്‌ലാന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ലെബനന്‍ രാഷ്ട്രീയ രാജവംശത്തിന്റെ പിന്‍ഗാമിയും സുന്നി രാഷ്ട്രീയക്കാരനുമായ ഫൈസല്‍ കറാമിയും തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി.

ലെബനന്‍ നേരിട്ട സാമ്പത്തിക തകര്‍ച്ചയ്ക്കും 2020ലെ ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനത്തിനും ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. പരിഷ്‌ക്കരണ ചിന്താഗതിക്കാരായ പുതുമുഖങ്ങള്‍ 13 സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്.
ഇവരില്‍ 12 പേര്‍ പാര്‍ലമെന്റിന് പുതുമുഖങ്ങളാണ്.

ഹിസ്ബുള്ളയുടെയും അമാല്‍ പ്രസ്ഥാനത്തിന്റെയും ശക്തികേന്ദ്രമായ തെക്കന്‍ ലെബനനില്‍ മൂന്ന് പതിറ്റാണ്ടിനിടെയാണ് രണ്ട് ഷിയാ പാര്‍ട്ടികളും പരാജയപ്പെടുന്നത്. ഈ സീറ്റുകളിലേക്ക് ഏലിയാസ് ജറാദയുടെയും ഫിറാസ് ഹംദന്റെയും സ്വതന്ത്രര്‍ നേടിയ നേട്ടമാണ് ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിലൊന്ന്.

തെരഞ്ഞെടുപ്പ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതല്‍ കാര്യക്ഷമമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Hezbollah and alliance lost majority in Lebanon Election

We use cookies to give you the best possible experience. Learn more