|

അയല മത്തി ചൂര ചാള തമിഴിലേക്ക്; 'മലയാളക്കരയിന്നോരം'; ഹേ സിനാമികയിലെ പുതിയ പാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം ‘ഹേ സിനാമിക’യിലെ പുതിയ പാട്ട് പുറത്ത്. ‘മലയാളക്കരയിന്നോരം’ എന്ന് തുടങ്ങുന്ന പാട്ട് ‘തൈക്കുടംബ്രിഡ്ജി’ന്റെ ‘അയല മത്തി ചൂര ചാള’ എന്ന പാട്ടിന്റെ അതേ ഈണത്തിലാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് ദുല്‍ഖറും അതിഥി റാവുവും ഗാനരംഗത്തിലെത്തിയിരിക്കുന്നത്.

മദന്‍കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്താണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ പ്രൊമോഷന്‍ വീഡിയോയുമായി വ്യാഴാഴ്ച ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും എത്തിയിരുന്നു. താന്‍ ദുല്‍ഖറിന്റെ ഫാനാണെന്ന് പറഞ്ഞ താരം ഹേ സിനാമികയ്ക്ക് പിന്നിലുള്ള ടീമിന് ആശംസകളും അറിയിച്ചു.

തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേ സിനാമിക.

കോളിവുഡ് കൊറിയോഗ്രഫര്‍ ബൃന്ദാ ഗോപാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 25 ന് റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ളിക്‌സിലും ഊട്ടിലും റിലീസ് ചെയ്യും.

വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ’96’ സിനിമക്കായി സംഗീതസംവിധാനം ചെയ്ത ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നല്‍കുന്നത്.

സൈക്കോ ചിത്രത്തിനുശേഷം അദിതി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക. കൊമാലി ആയിരുന്നു കാജല്‍ അഗര്‍വാളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.


Content Highlight: hey sinamika new song megham out