| Tuesday, 10th October 2023, 1:00 pm

ആദ്യം നായകനായി തീരുമാനിച്ചത് കാളിദാസിനെ, ജയറാമിനോട് വരെ സംസാരിച്ചു, ഒടുവില്‍ നായകനായത് നിവിന്‍: നിര്‍മാതാവ് അനില്‍ അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി പുറത്ത് വന്ന ചിത്രമാണ് ഹേയ് ജൂഡ്. ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവായ അനില്‍ അമ്പലക്കര.

ഹേയ് ജൂഡ് ആദ്യം കാമ്പസ് ചിത്രമായാണ് പ്ലാന്‍ ചെയ്തതെന്നും പിന്നീടാണ് അത് മാറിയകെന്നും അനില്‍ പറഞ്ഞു. കാളിദാസിനെയാണ് ആദ്യം നായകനായി പ്ലാന്‍ ചെയ്തതെന്നും ശ്യാമപ്രസാദിന്റെ താല്‍പര്യ പ്രകാരം അത് നിവിനിലേക്ക് എത്തുകയായിരുന്നുവെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ പറഞ്ഞു.

‘ഹേയ് ജൂഡ് ആദ്യം കാമ്പസ് സിനിമയായി ചെയ്യാനാണ് തീരുമാനിച്ചത്. പിന്നീടാണ് അത് മാറിയത്.
ആദ്യം കാളിദാസ് ജയറാമിനെയാണ് നായകനായി നിശ്ചയിച്ചത്. ഇത് ജയറാമിനോട് സംസാരിച്ചു. കാളിദാസിനോട് കഥയും പറഞ്ഞു. ചെറിയ ബജറ്റിലാണ് സിനിമ പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് നിവിന്റെ കാര്യം ശ്യാമ പ്രസാദ് പറഞ്ഞു. അതിന് മുമ്പ് അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ നിവിന്‍ അഭിനയിച്ചിട്ടുണ്ട്. നിവിനാവുമ്പോള്‍ സാറ്റലൈറ്റ് മാര്‍ക്കറ്റ് ഒക്കെ കിട്ടും, കാളിദാസ് പുതിയ പയ്യനല്ലേ എന്ന് ഔസേപ്പച്ചനാണ് പറഞ്ഞത്.

പിന്നെ നിവിന്‍ പോളിയെ കണ്ടു, 25 ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ഹേയ് ജൂഡിന് മുമ്പ് നിവിന്റെ റിച്ചി റിലീസ് ചെയ്തിരുന്നു.. എന്നാല്‍ റിച്ചി ഭയങ്കരമായി പൊളിഞ്ഞുപോയി. അതിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ഈ പടം റിലീസ് ചെയ്യുന്നത്. അത് ഹേയ് ജൂഡിനെയും ബാധിച്ചു. ഫാന്‍സ് പോലും നമ്മളോട് സഹകരിച്ചില്ല. ആ സമയത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും കാര്യമായി ഓടിയില്ല.

ഇതിന് ശേഷം സിനിമ നിര്‍മാണത്തോട് മടുപ്പായി. നാലര കോടിയാണ് എനിക്ക് നഷ്ടം വന്നത്. സിനിമ ഇറങ്ങി കഴിഞ്ഞ് 25 കോടി കളക്ഷന്‍ നേടിയെന്ന് പോസ്റ്റര്‍ ഇറക്കി. അടുത്ത പ്രൊജക്ട് കിട്ടാന്‍ വേണ്ടി ഇവര് തന്നെ ഇറക്കുന്നതാണ്. എത്രയാണ് കളക്റ്റ് ചെയ്തത് എന്ന് എനിക്കറിയാം,’ അനില്‍ പറഞ്ഞു.

Content Highlight: ‘Hey Jude’ makes loss of Rs 4.5 crore, says Producer anil ambalakkara

We use cookies to give you the best possible experience. Learn more