| Wednesday, 17th January 2024, 9:03 am

2023ലെ ടോപ് സ്‌കോറർ ആയിട്ടും രക്ഷയില്ല; കൊറിയൻ താരത്തിന് മുന്നിൽ വീണ് റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ സൗത്ത് കൊറിയന്‍ സൂപ്പര്‍താരം സണ്‍. ഏഷ്യന്‍ ക്ലബ്ബിനെയോ രാജ്യങ്ങളെയോ പ്രതിനിധീകരിക്കുന്ന മികച്ച താരത്തിന് ടൈറ്റന്‍ സ്‌പോര്‍ട്‌സ് നല്‍കുന്ന അവാര്‍ഡ് ആണിത്.

2013ല്‍ തുടക്കം കുറിച്ച ഈ അവാര്‍ഡ് ഒമ്പത് തവണയാണ് സ്പര്‍സ് സൂപ്പര്‍താരം സ്വന്തമാക്കിയത്. തുടര്‍ച്ചയായ ഏഴാം വര്‍ഷവുമാണ് സണ്‍ ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്.

അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഈ അവാര്‍ഡ് ലഭിക്കാതെ പോയത് ഏറെ ശ്രദ്ധേയമായി. 2023ലാണ് ഓള്‍ഡ് ട്രാഫോഡില്‍ നിന്നും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തുന്നത്. സൗദി ക്ലബ്ബിനൊപ്പം മികച്ച ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്.

ഈ സീസണില്‍ 24 ഗോളുകളും 11 അസിസ്റ്റുകളും നേടികൊണ്ടാണ് റൊണാള്‍ഡോ മികച്ച പ്രകടനം നടത്തുന്നത്. മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഈ 38കാരന്‍ സ്വന്തമാക്കിയിരുന്നു. 2023 കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയിരുന്നു.

അല്‍ നസറിനായും പോര്‍ച്ചുഗല്‍ ദേശീയ ടീമിനു വേണ്ടിയും 54 ഗോളുകളാണ് റോണോ അടിച്ചുകൂട്ടിയത്. സൗദിയില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

എന്നാല്‍ ഏഷ്യയിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡില്‍ 17.06% ബോട്ടുകള്‍ മാത്രമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് ലഭിച്ചത്. വോട്ടിങില്‍ മൂന്നാം സ്ഥാനത്താണ് റൊണാള്‍ഡോ ഫിനിഷ് ചെയ്തത്. ബയേണ്‍ മ്യൂണിക്ക് ഡിഫന്‍ഡര്‍ കിം മിന്‍ ജെ 19.54% വോട്ടുകള്‍ നേടി രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 22.9% വോട്ടുകളിലൂടെ സണ്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വേണ്ടി 12 ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടി കൊണ്ട് മിന്നും ഫോമിലാണ് സണ്‍. ഈ മികച്ച പ്രകടനങ്ങളാണ് കൊറിയന്‍ താരത്തെ വീണ്ടും ഏഷ്യയിലെ മികച്ച ഫുട്‌ബോളറാക്കി മാറ്റിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും നാല് തോല്‍വിയും അടക്കം 40 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടന്‍ഹാം.

അതേസമയം സണ്‍ നിലവില്‍ എ.എഫ്.സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ സൗത്ത് കൊറിയക്കായി കളിക്കുകയാണ്. ഗ്രൂപ്പ് ഇയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബഹറിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മികച്ചതുടക്കമാണ് സൗത്ത് കൊറിയക്ക് ലഭിച്ചത്.

Content Highlight: Heung Min Son won the Best Footballer in Asia for 2023.

We use cookies to give you the best possible experience. Learn more