മലയാളത്തിന് പുറമെ തെലുങ്കിലും സാന്നിധ്യമറിയിച്ച മ്യൂസിക് ഡയറക്ടറാണ് ഹിഷാം അബ്ദുല്‍ വഹാബ്. തെലുങ്കില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഹായ് നാന്ന, ഖുഷി എന്നീ തെലുങ്ക് സിനമകളില്‍ ഹിഷാം ചെയ്ത പാട്ടുകള്‍ക്ക് അവിടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
തെലുങ്ക് സിനിമകളിലേക്ക് താന്‍ എത്തിപ്പെട്ട വഴികളെ കുറിച്ച് സംസാരിക്കുകയാണ് ഹിഷാം അബ്ദുല്‍ വഹാബ്. സൈനസൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഹിഷാം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഒരുദിവസം കൊണ്ട് ഒരു പാട്ടുണ്ടാക്കാന്‍ കഴിയുമെങ്കില്‍ ഹൈദരാബാദിലേക്ക് വരാനാണ് മൈത്രിമൂവിമേക്കേഴ്‌സ് പറഞ്ഞതെന്നും താന്‍ വരാമെന്ന് പറയുകയാണുണ്ടായതെന്നും ഹിഷാം പറയുന്നു. തനിക്ക് കമ്പോസ് ചെയ്യാന്‍ കഴിയുമെന്ന കോണ്‍ഫിഡന്‍സുള്ളതുകൊണ്ടാണ് താന്‍ വരാമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
മാത്രവുമല്ല ഹൃദയം പോലെ തനിക്ക് തഴച്ചുവളരാന്‍ പറ്റുന്ന ഒരു ഭൂമികയുണ്ടാക്കുക എന്നും ഈ പാട്ടുകള്‍ ഉണ്ടാക്കുന്നതിന് പിന്നിലുള്ള ആലോചനയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ ഖുഷി സിനിമ ചെയ്യുന്ന സമയത്ത് ഭയങ്കര പ്രഷറിലായിരുന്നു ഹൈദരാബാദിലേക്ക് പോകുന്നത്. കാരണം ഒരു ദിവസം കൊണ്ട് ഒരു പാട്ട് ചെയ്യാന്‍ കഴിയുമെങ്കില്‍ ഹൈദരാബാദിലേക്ക് വരാനാണ് മൈത്രിമൂവിമേക്കഴ്‌സ് വിളിച്ചു പറഞ്ഞത്. അന്നും കോണ്‍ഫിഡന്റായിട്ട് എനിക്കാകെ ചെയ്യാന്‍ പറ്റുന്നത് കമ്പോസിങ്ങാണ്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും വരാമെന്ന് ഞാന്‍ അവരോട് പറഞ്ഞു.
ഒരു ദിവസം കൊണ്ട് ഒരു ഹോട്ടല്‍ മുറിയിലിരുന്നാണ് നാലഞ്ച് ഡെമോകള്‍ അവരെ പാടിക്കേള്‍പ്പിച്ചത്. ഡയറക്ടറും പ്രൊഡ്യൂസറും എ.ഡിയും തുടങ്ങി പത്ത്പതിനഞ്ച് പേര്‍ എനിക്ക് ചുറ്റും അവിടെയുണ്ടായിരുന്നു. അവിടെ ഇരുന്നാണ് ഖുഷിയിലെ ആ പാട്ടുകളുണ്ടായത്.
ആ സമയത്ത്, ഞാന്‍ ആകെ ചിന്തിച്ചത് ഒന്നിനെയും ആലോചിക്കാതെ, ഹൃദയം പോലെ എനിക്ക് ഫ്‌ളറിഷ് ചെയ്യാന്‍ പറ്റുന്ന ഒരു ഭൂമികയുണ്ടാക്കുക എന്നതാണ്. അത് മാത്രം ആലോചിച്ചാണ് ഈ പാട്ടുകളൊക്കെ ചെയ്യുന്നത്. അതിന് ശേഷം ആ പാട്ടുകള്‍ അവിടെ സെലിബ്രേറ്റ് ചെയ്യപ്പെടുകയായിരുന്നു.
വലിയ മ്യൂസിക് ഡയറക്ടേഴിസിനെ സെലിബ്രേറ്റ് ചെയ്യുന്ന ഇടത്തേക്കാണ് നമ്മുടെ ഈ പാട്ടുകള്‍, ഈ ചെറിയ പരിശ്രമങ്ങള്‍ എത്തുന്നത്. പിന്നീടാണ് ഹായ് നാന്ന സംഭവിക്കുന്നത്. ആ സിനിമ വിജയിക്കുകയും അതിലെ പാട്ടുകള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു,’ ഹിഷാം അബ്ദുല്‍ വഹാബ് പറഞ്ഞു.
content highlights: Hesham Abdul Wahab talks about his journey to Telugu films