|

ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നത് ആ പാട്ടിന്റെ 35ാമത് വേര്‍ഷനാണ്; 'ദര്‍ശനാ'യുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഹിഷാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസനൊരുക്കുന്ന ചിത്രം ‘ഹൃദയ’ത്തിലെ ‘ദര്‍ശനാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. പുറത്തിറങ്ങി ഏതാനം മണിക്കൂറുകള്‍ക്കകം തന്നെ പാട്ട് ഹിറ്റാവുകയായിരുന്നു.

പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ ഹിഷാം അബ്ദുള്‍ വഹാബ്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിഷാം മനസ്സു തുറക്കുന്നത്.

‘സിനിമയില്‍ ആകെ 15 പാട്ടുകളാണ് ഉള്ളത്. ആദ്യം ഒന്‍പത് പാട്ടുകള്‍ എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ, കഥ പറയുന്ന സമയത്ത് ആദ്യത്തെ പാട്ടിന്റെ, ദര്‍ശനായുടെ കാര്യം മാത്രമാണ് വിനീതേട്ടന്‍ പറഞ്ഞത്.

എല്ലാ പാട്ടും ഒരുമിച്ച് അവതരിപ്പിക്കാതെ, ആദ്യത്തെ പാട്ട് ഇതാണ് എന്ന് മാത്രമാണ് വിനീതേട്ടന്‍ പറഞ്ഞത്. അതു കൊണ്ടുതന്നെ മുഴുവന്‍ കോണ്‍സെന്‍ട്രേഷന്‍ ആ പാട്ടില്‍ മാത്രമായിരുന്നു. പിന്നെയാണ് മറ്റുള്ള പാട്ടുകളിലേക്ക് കടന്നത്,’ ഹിഷാം പറയുന്നു.

വിനീത് ശ്രീനിവാസനും താനും ഒരുമിച്ചിരുന്നാണ് പാട്ട് കംപോസ് ചെയ്തതെന്നും ഏകദേശം മൂന്ന് മണിക്കൂര്‍ കൊണ്ട് പാട്ടിന്റെ ഏകദേശരൂപം ആവുകയായിരുന്നുവെന്നും ഹിഷാം പറയുന്നു. എന്നാല്‍ മിക്‌സിംഗിന് ഒരുപാട് സമയമെടുത്തെന്നും, ഇപ്പോള്‍ കേള്‍ക്കുന്നത് ആ പാട്ടിന്റെ 35ാമത് വേര്‍ഷനാണെന്നും അദ്ദേഹം പറയുന്നു.

പാട്ട് ജനങ്ങള്‍ ഏറ്റെടുത്തു എന്നറിയുമ്പോള്‍ സന്തോമുണ്ടെന്നും ഹിഷാം പറഞ്ഞു. ഇതിന് മുന്‍പ് റിയാലിറ്റി ഷോയില്‍ ഓരോ പാട്ട് പാടി കഴിയുമ്പോഴും ‘ആ പാട്ട് നന്നായിരുന്നു, ഇന്നലത്തെ പെര്‍ഫോമെന്‍സ് ഇഷ്ടപ്പെട്ടിരുന്നു’ എന്നൊക്കെ പറയാറുണ്ടായിരുന്നുവെന്നും പിന്നെ അത് കഴിഞ്ഞ ശേഷം അന്നുണ്ടായ ആ ഒരു ഫീല്‍ ഇപ്പോഴാണ് തിരിച്ചു കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hesham Abdul Wahab about the song Darshanaa

Latest Stories