| Friday, 25th November 2022, 8:28 pm

കട്ടക്കലിപ്പില്‍ സൗദി കോച്ച്; യഥാര്‍ത്ഥത്തില്‍ അര്‍ജന്റീന തോറ്റത് ഇവിടെ മുതലാണ്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ ദൈവങ്ങളെ പോലും ഞെട്ടിച്ചാണ് സൗദി അറേബ്യ അര്‍ജന്റീനയെ തോല്‍പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിന് സൗദിക്ക് മുമ്പില്‍ അര്‍ജന്റീന അടിയറവ് പറയുമ്പോള്‍ ലോകമൊന്നാകെ ഹെര്‍വ് റെണാര്‍ഡ് എന്ന ചാണക്യനെ നമിച്ചുനിന്നു.

അര്‍ജന്റീനയുടെ എണ്ണം പറഞ്ഞ ഗോളുകളെല്ലാം ഓഫ് സൈഡ് ട്രാപ്പില്‍ മുക്കിക്കളഞ്ഞ, തകര്‍ന്നിരിക്കുന്ന അര്‍ജന്റീനയുടെ വിരിമാറില്‍ തന്നെ പ്രഹരമേല്‍പിച്ച് രണ്ട് ഗോളുമായി സൗദിയെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ റെണാര്‍ഡ് എന്ന മാസ്റ്റര്‍ മൈന്‍ഡിനെ മത്സരം കണ്ട ഒരാള്‍ പോലും ഈ ജന്മത്ത് മറക്കില്ല.

മത്സരത്തിന്റെ പത്താം മിനിട്ടില്‍ തന്നെ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീന ആദ്യ പകുതിയില്‍ തങ്ങളുടെ ടോട്ടല്‍ ഡോമിനേഷന്‍ വ്യക്തമാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ലയണല്‍ സ്‌കലോണിയുടെ തന്ത്രങ്ങളെ മറികടക്കുന്ന സൗദി താരങ്ങളായിരുന്നു ഗ്രൗണ്ടിലെ പ്രധാന കാഴ്ച.

ആദ്യ പകുതി കഴിഞ്ഞ ഗ്രൗണ്ടിലെത്തിയ നിമിഷം മുതല്‍ മറ്റൊരു സൗദി അറേബ്യയെയായിരുന്നു മെസിപ്പടക്ക് നേരിടാനുണ്ടായിരുന്നത്. അതിന് കാരണവും റെണാര്‍ഡ് തന്നെ.

മത്സരത്തിന്റെ ഹാഫ് ടൈമില്‍ റെണാര്‍ഡ് തന്റെ കുട്ടികള്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മെസിയെ മാര്‍ക്ക് ചെയ്യേണ്ടതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്.

ഇത് ലോകകപ്പാണെന്നും ആ ബോധ്യത്തോടെ കളിക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദഹം തന്റെ ടീമിന് പുത്തന്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കിയത്.

ഈ സ്പിരിറ്റുമായി കളത്തിലിറങ്ങിയ സൗദി അര്‍ജന്റീനയെ തകര്‍ത്തുവിടുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് ലോക ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ സൗദി തോല്‍പ്പിക്കുന്നത്.

അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പെനാല്‍റ്റിയിലാണ് അര്‍ജന്റീനയുടെ കന്നി ഗോള്‍ പിറന്നത്.

പരെഡെസിനെ ബോക്സിനകത്ത് വെച്ച് അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനക്ക് പെനാല്‍ട്ടി വിധിച്ചത്. ഈ പെനാല്‍ട്ടി പാഴാക്കാതെ 10ാം മിനിറ്റില്‍ മെസി സൗദി ഗോള്‍വല ചലിപ്പിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ അഞ്ച് മിനിട്ടിനുള്ളില്‍ തുടരെ രണ്ട് ഗോളുകള്‍ പായിച്ചാണ് സൗദി താരങ്ങള്‍ അര്‍ജന്റീനയുടെ വല കുലുക്കിയത്. 48-ാം മിനിറ്റില്‍ സാലിഹ് അല്‍ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റില്‍ സലിം അല്‍ ദൗസറി രണ്ടാമത് ഗോള്‍ നേടി വ്യക്തമായ ലീഡില്‍ ടീമിനെ സുരക്ഷിതമാക്കി.

തുടര്‍ന്നങ്ങോട്ട് സമനില പിടിക്കാനുള്ള അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളെല്ലാം സൗദി തടഞ്ഞുകൊണ്ടേയിരുന്നു. മെസി തൊടുത്ത ഫ്രീകിക്ക് സൗദി പോസ്റ്റിന് മുകളിലൂടെ പറന്നു. മെസിയുടെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ ഈസിയായി കൈയ്യിലൊതുക്കി.

എക്സ്ട്രാ ടൈമില്‍ ലഭിച്ച എട്ട് മിനിട്ടുകളും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 36 കളി നീണ്ട് അപരാജിത അര്‍ജന്റീനയുടെ കുതിപ്പിന് ഇതോടെ വിരാമമായി. സൗദിയേക്കാള്‍ കരുത്തരായ പോളണ്ടിനേയും മെക്സിക്കോയേയുമാണ് മെസിയും സംഘവും ഇനി അടുത്ത മത്സരങ്ങളില്‍ നേരിടേണ്ടത്.

Content Highlight: Hervé Renard’s speech at half-time changed the course of Saudi Arabia vs. Argentina.

We use cookies to give you the best possible experience. Learn more