| Wednesday, 13th November 2024, 5:31 pm

ശക്തമായ ടീമാണ് ഞങ്ങളുടേത്, ഇന്ത്യയാണെങ്കില്‍ 'എ' ടീമും: പരമ്പര 3-1ന് ജയിക്കുമെന്ന് പ്രോട്ടിയാസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ- സൗത്ത് ആഫ്രിക്ക മൂന്നാം ടി20 സെഞ്ചൂറിയനില്‍ നടക്കാനിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ച് ഒപ്പത്തിനൊപ്പമെത്തി നില്‍ക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇരുടീമുകളും ശ്രമിക്കുന്നത്.

ഇപ്പോഴിതാ പരമ്പര സൗത്ത് ആഫ്രിക്ക സ്വന്തമാക്കുമെന്ന വാദവുമയി വന്നിരിക്കുകയാണ് പ്രോട്ടിയാസിന്റെ ഇതിഹാസതാരമായ ഹെര്‍ഷല്‍ ഗിബ്‌സ്. ആദ്യ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ തന്നെ പ്രോട്ടിയാസ് ശക്തരായ ടീമായി മാറിയെന്നും എന്നാല്‍ ഇന്ത്യ വന്നിരിക്കുന്നത് അനുഭവസമ്പത്തില്ലാത്ത ‘എ’ ടീമുമായിട്ടാണെന്നും ഗിബ്‌സ് പറഞ്ഞു. ഈ പരമ്പര 3-1ന് പ്രോട്ടിയാസ് സ്വന്തമാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗിബ്‌സ് കൂട്ടിച്ചേര്‍ത്തു.

ഗിബ്‌സിന്റെ വാക്കുകള്‍

ആദ്യത്തെ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ തന്നെ പ്രോട്ടിയാസ് അതിശക്തരായ ടീമായി മാറിയിരിക്കുകയാണ്. ഇന്ത്യയാണെങ്കിലോ, അനുഭവസമ്പത്തില്ലാത്ത ‘എ’ ടീമുമായിട്ടാണ്. പരമ്പര അവസാനിക്കുമ്പോള്‍ 3-1ന് സൗത്ത് ആഫ്രിക്ക വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ഗിബ്‌സ് പറയുന്നു.

ബാറ്റിങ്ങിന് അനുകൂലമായ സെഞ്ചൂറിയനില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇരുടീമുകളിലെയും വമ്പനടിക്കാര്‍ അവസരം പരമാവധി മുതലെടുക്കാനാകും ശ്രമിക്കുക.

ആദ്യമത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജുവിലാണ് ടീമിന്റെ പ്രതീക്ഷ. സഞ്ജുവിന് കൂട്ടായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, റിങ്കു സിങ്ങും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് ബാറ്റിങ് എളുപ്പമാകും. കഴിഞ്ഞ മത്സരത്തില്‍ ഫൈഫര്‍ നേടിയ വരുണ്‍ ചക്രവര്‍ത്തിയാകും ബൗളിങ്ങില്‍ ടീമിന്റെ കുന്തമുനയാവുക.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്‍, ആവേശ് ഖാന്‍, യാഷ് ദയാല്‍.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഒട്നീല്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോട്സി, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, മാര്‍കോ യാന്‍സെന്‍, ഹെന്റിക് ക്ലാസന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്ലാലി എംപോങ്വാന, എന്‍ഖാബ പീറ്റര്‍, റയാന്‍ റിക്കല്‍ട്ടണ്‍, ആന്‍ഡില്‍ സിമെലെന്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ലൂതോ സിപാംല.

Content Highlight: Herschelle Gibbs says that South Africa will win this series by 3-1 margin

We use cookies to give you the best possible experience. Learn more