| Saturday, 31st July 2021, 3:39 pm

കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്താല്‍ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല; ബി.സി.സി.ഐക്കെതിരെ ഗുരുതര ആരോപണവുമായി ഗിബ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ തന്നെ ബി.സി.സി.ഐ ഭീഷണിപ്പെടുത്തുകയാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഹെര്‍ഷല്‍ ഗിബ്‌സ്. ട്വിറ്ററിലൂടെയാണ് ഗിബ്‌സ് ഈക്കാര്യം അറിയിച്ചത്.

ആഗസ്റ്റ് ആറിന് മുറാദാബാദില്‍ ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്താല്‍ തന്നെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചതായി ഗിബ്‌സ് പറഞ്ഞു.

‘കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ താന്‍ കളിക്കുന്നത് തടയാനുള്ള നീക്കമാണ് ബി.സി.സി.ഐ നടത്തുന്നത്. പാകിസ്ഥാനുമായുള്ള അവരുടെ രാഷ്ട്രീയ സമവാക്യത്തിലേക്ക് എന്നെ അനാവശ്യമായി കൊണ്ടുവരാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.

കെ.പി.എല്ലില്‍ പങ്കെടുത്താല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ജോലിക്കും എന്നെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ബി.സി.സി.ഐ ഭീഷണിപ്പെടുത്തുന്നത്. എന്ത് പരിഹാസ്യമാണിത്,’ ഗിബ്‌സ് ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് ആറിനാണ് കശ്മീര്‍ പ്രമീയര്‍ ലീഗ് ആരംഭിക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണ ടൂര്‍ണമെന്റിനുണ്ട്. ഇതാണ് ബി.സി.സി.ഐ നീക്കത്തിന്റെ ഭാഗമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗിബ്സിനെ കൂടാതെ പ്രശസ്തരായ പല മുന്‍ കളിക്കാരും കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.

ബി.സി.സി.ഐ ഇത്തരത്തില്‍ മറ്റു ബോര്‍ഡുകളിന്മേലും സമ്മര്‍ദം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫും രംഗത്തെത്തിയിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ- പാക് തര്‍ക്കം നിലനില്‍ക്കെയാണ് കശ്മീര്‍ പ്രീമിയര്‍ ലീഗുമായി മുന്നോട്ടുപോകുന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Herschelle Gibbs Claims BCCI Threatening Him Over Kashmir Premier League

We use cookies to give you the best possible experience. Learn more