| Friday, 1st January 2021, 6:28 pm

മത്തി തിരിച്ചെത്തുന്നു; പിടിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളതീരങ്ങളില്‍ ക്ഷാമം നേരിട്ടിരുന്ന മത്തി ചെറിയ തോതില്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്. കാലാവസ്ഥ അനുകൂലമായതോടെയാണ് മത്തി തീരത്തേക്ക് തിരിച്ചെത്തുന്നതെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം(സി.എം.എഫ്.ആര്‍.ഐ) അറിയിച്ചു.

തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറിയ മത്തികള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍, ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തീരത്ത് കണ്ടെത്തിയ മത്തിയുടെ വളര്‍ച്ചാ പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. വളര്‍ച്ചാപരിശോധന നടത്തിയപ്പോള്‍ ഇവ പ്രത്യുല്‍പാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സി.എം.എഫ്.ആര്‍.ഐ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

14-16 സെ.മി. വലിപ്പമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവ പൂര്‍ണ പ്രത്യുല്‍പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് ഗവേഷകസംഘത്തിന്റെ വിലയിരുത്തല്‍.

നിയമപ്രകാരം പിടിക്കാവുന്ന മത്തിയുടെ വലിപ്പം 10 സെ.മി ആണ്. നിലവിലെ സാഹചര്യം അനുസരിച്ച് ഇപ്പോള്‍ ലഭ്യമായ മത്തിയെ അധികം പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.

കൂടാതെ മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ കേരളതീരങ്ങളില്‍ കുറവാണെന്നും സി.എം.എഫ്.ആര്‍.ഐയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ കാണുന്ന ചെറിയ മത്തികളെ പിടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഈ നിര്‍ദേശം ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞ  അഞ്ച് വര്‍ഷമായി കേരളതീരങ്ങളില്‍ മത്തിയുടെ ക്ഷാമമനുഭവപ്പെടുന്നുണ്ട്. 2017ല്‍ മത്തിയുടെ ലഭ്യത ചെറിയ തോതില്‍ ഉയര്‍ന്നുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറയുകയാണുണ്ടായത്.

2019ല്‍ മത്തിയുടെ ലഭ്യത ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്ന് സി.എം.എഫ്.ആര്‍.ഐ നേരത്തെ കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Herring Returns To Kerala Coast

We use cookies to give you the best possible experience. Learn more